അനുവാദം നല്‍കാതിരുന്നിട്ടും വിദ്യാര്‍ഥികളെ ഒരുമിച്ച് കൂട്ടി യോഗം നടത്തിയതിനാണ് സസ്പെന്‍ഷന്‍ എന്നാണ് ഉത്തരവില്‍ പറയുന്നത്

കോയമ്പത്തൂര്‍: സ്വതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്‍റെ ജന്മവാര്‍ഷികം ക്യാമ്പസില്‍ ആഘോഷിച്ചതിന് ആദ്യവര്‍ഷ ബിരുദാനന്തര വിദ്യാര്‍ഥിനിക്ക് സസ്പെന്‍ഷന്‍. കോയമ്പത്തൂര്‍ ഗവ ആര്‍ട്ട്സ് കോളജ് അധികൃതര്‍ മാലതി എന്ന വിദ്യാര്‍ഥിനിയെയാണ് സസ്പെന്‍ഡ് ചെയ്തത്.

അനുവാദം നല്‍കാതിരുന്നിട്ടും വിദ്യാര്‍ഥികളെ ഒരുമിച്ച് കൂട്ടി യോഗം നടത്തിയതിനാണ് സസ്പെന്‍ഷന്‍ എന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍, ക്യാമ്പസിലെ ജനാധിപത്യ അവകാശത്തിന് എതിരാണ് കോളജ് അധികൃതരുടെ നടപടിയെന്ന് മാലതി ആരോപിക്കുന്നു.

സംഭവത്തെ കുറിച്ച് മാലതിയുടെ വാക്കുകള്‍ ഇങ്ങനെ: ഗവ ആര്‍ട്ടസ് കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. തന്‍റെ പഠന വിഭാഗത്തിലെ വിദ്യാര്‍ഥികളും പുറത്തെ വിദ്യാര്‍ഥികളും ചേര്‍ന്ന് ഭഗത്‍ സിംഗിന്‍റെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനമെടുത്തു.

ഇതിനായി പ്രിന്‍സിപ്പാളിനെ സമീപിച്ചെങ്കിലും അവര്‍ അതിന് അനുമതി നല്‍കിയില്ല. ഇതോടെ തന്‍റെ വിഭാഗത്തിലെ തലവനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അവധിയിലായിരുന്നു. തുടര്‍ന്ന് അധ്യാപകനെ കണ്ട് കാര്യം അവതരിപ്പിച്ചെങ്കിലും അദ്ദേഹവും അനുമതി നല്‍കിയില്ല.

ഇതോടെയാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഭഗത് സിംഗിന്‍റെ ജന്മവാര്‍ഷികം ക്യാമ്പസില്‍ ആചരിച്ചത്. ചടങ്ങില്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് അദ്ദേഹം ചെയ്ത കാര്യങ്ങളാണ് സംസാരിച്ചത്. അതിനാണ് തന്നെ സസ്പെന്‍ഡ് ചെയ്തത്. സെപ്റ്റംബര്‍ 28ന് നടന്ന ചടങ്ങിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് തനിക്ക് സസ്പെന്‍ഷന്‍ ലഭിച്ചത്.

പിന്നീട് ഇതേപ്പറ്റി ഒന്നും സംസാരിക്കാന്‍ അധികൃതര്‍ തയാറായില്ല. ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ എതിരാണ് ഈ നടപടി. തനിക്ക് ലഭിച്ച സസ്പെന്‍ഷന്‍ ഉത്തരവ് പൊലീസ് സ്റ്റേഷനിലേക്കും അയച്ചു കൊടുത്തു. ഇത് എന്തിനാണെന്നും തനിക്ക് മനസിലാകുന്നില്ലെന്നും മാലതി പറഞ്ഞു. വിഷയത്തെ കുറിച്ച് കോളജ് അധികൃതരോട് ചോദിച്ചപ്പോള്‍ അന്വേഷണം നടത്തിയാണ് സസ്പെന്‍ഷന്‍ നല്‍കിയതെന്ന മറുപടിയാണ് ലഭിച്ചത്.