സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

First Published 31, Mar 2018, 2:03 PM IST
students approaches supreme court for enquiery on question paper leak
Highlights

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കിടയായ സാഹചര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി രോഹൻ മാത്യു സുപ്രീംകോടതിയെ സമീപിച്ചത്.

ദില്ലി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച്  ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി രോഹൻ മാത്യു സുപ്രീം കോടതിയെ സമീപച്ചു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കളുടെ സംഘടന.   അതിനിടെ കൂടുതൽ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥികൾ രംഗത്തെത്തി.

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കിടയായ സാഹചര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി രോഹൻ മാത്യു സുപ്രീംകോടതിയെ സമീപിച്ചത്. ഹരിയാനയിലേയും ദില്ലിയിലേയും പരീക്ഷാ തീയതി പ്രഖ്യാപിക്കാത്തതിലെ അവ്യക്തത നീക്കണം.  മറ്റ് മേഖലകളിലുള്ള വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിര്‍ണയം നടത്താൻ നിര്‍‍ദ്ദേശിക്കണമെന്നും രോഹൻ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടൻസി, പത്താംക്ലാസിലെ ബയോളജി പരീക്ഷകളുടെ ചോദ്യപേപ്പറും ചോര്‍ന്നുവെന്നുമാണ് ലുധിയാനയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജാൻവി ബെഹലിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം പൊലീസിനേയും കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഈ മാസം 17ന് അറിയിച്ചെന്നും ജാൻവി പറഞ്ഞു. മുഴുവൻ വിഷയങ്ങളിലും പുനഃപരീക്ഷ വേണമെന്നാണ് ജാൻവിയുടെ ആവശ്യം.

അതിനിടെ പന്ത്രണ്ടാം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നുവെന്ന അഭ്യൂഹവും അന്വേഷണ സംഘം പരിശോധിക്കും. ആറായിരത്തോളം വിദ്യാര്‍ത്ഥികൾക്ക് ചോര്‍ന്ന ചോദ്യപേപ്പര്‍ കിട്ടിയെന്നാണ് കണ്ടെത്തൽ. സി.ബി.എസ്.ഇ ദില്ലി മേഖലാ ഡയറക്ടറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് വിവരങ്ങൾ കൈമാറി. പരീക്ഷാ കേന്ദ്രങ്ങളിലേയും പ്രസ്സിലേയും ചോദ്യപേപ്പര്‍ സൂക്ഷിച്ച ബാങ്കിലേയും ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അതിനിടെ പത്താം ക്ലാസുകാരനായ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അച്ഛന്റെ ഇ-മെയിലിൽ നിന്ന് കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം സിബിഎസ്ഇ അധ്യക്ഷയെ അറിയിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.  

ജാര്‍ഖണ്ഡിൽ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന പരാതിയിൽ പൊലീസ് നാലു വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതോടെ ദില്ലിക്ക് പുറത്തേക്ക് ചോദ്യപേപ്പര്‍ എത്തിയിട്ടില്ലെന്ന സിബിഎസ്ഇയുടെ വാദമാണ് പൊളിയുന്നത്. അതിനിടെ ഇന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ പ്രതിഷേധിച്ച് സിബിഎസ്ഇ ആസ്ഥാനത്തേക്ക് വിദ്യാര്‍ത്ഥികൾ പ്രതിഷേധ മാര്‍ച്ച് നടത്തി.

loader