ഇടുക്കി: ഇടുക്കി അടിമാലിയിൽ സഹപാഠികളായ രണ്ടു പെൺകുട്ടികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അടിമാലി കൂമ്പൻപാറ സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളാണ് സ്ക്കൂളിൽ വെച്ച് വിഷം കഴിച്ചത്. പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടികളിലൊരാളുടെ വീട്ടിൽ വഴക്കുണ്ടായിരുന്നു. 

സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടിയാണിത്. ഇതേതുടര്‍ന്ന് ഈ കുട്ടി വാഴയ്ക്ക് തളിക്കുവാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന നേർപ്പിച്ച വിഷം എടുത്തുകൊണ്ടാണ് സ്‌കൂളിൽ എത്തിയത്. സ്‌കൂളില്‍ വെച്ച് ഉറ്റസുഹൃത്തായ പെണ്‍കുട്ടിയോട് വീട്ടിലുണ്ടായ പ്രശ്‌നങ്ങള്‍ വിവരിച്ചശേഷം താന്‍ ജീവനൊടുക്കുകയാണെന്നും പറഞ്ഞ് വിഷം കഴിച്ചു. 

ഇതോടെ വിഷമത്തിലായ കൂട്ടൂകാരിയും വിഷം കഴിക്കുകയായിരുന്നു. വിവരമറിഞ്ഞ സ്‌കൂൾ അധികൃതർ ഇരുവരെയും അടിമാലി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.