ഭുവനേശ്വർ: വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘര്‍ഷം നടത്തി. ഭുവനേശ്വറിലെ കെഐഐടി സർവകലാശാലയിലാണ് സംഭവം. കേസിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം.   

സർവകലാശാലയിലെ രണ്ടാം വർഷ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളും അവസാന വർഷ നിയമ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. കോളേജിൽനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വിദ്യാർത്ഥികൾ ക്യാമ്പസിലെ വസ്തുവകകൾ അടിച്ചു തകർക്കുന്നതും മറ്റ് വിദ്യാർത്ഥികളെ മർദ്ദിക്കുന്നതും വ്യക്തമാണ്. വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ രണ്ട് ഹോസ്റ്റലുകൾ ഒഴിപ്പിച്ചതായി സർവകലാശാല അധികൃതർ പറഞ്ഞു. നവംബർ 23ന് വൈകുന്നേരമാണ് വിദ്യാർത്ഥികൾ രണ്ട് സംഘമായി തിരിഞ്ഞ് സംഘർഷമുണ്ടായത്. തുടർന്ന് സംഘർഷം ഹോസ്റ്റൽ വരെ എത്തിയപ്പോഴാണ് ഹോസ്റ്റൽ ഒഴിപ്പിക്കാൻ തീരുമാനിച്ചത്. രണ്ട് സംഘം വിദ്യാർത്ഥികൾ തമ്മിൽ മാത്രമുള്ള തർക്കമാണിത്. ഇതിന്റെ പേരിൽ കോളേജ് അടച്ചു പൂട്ടില്ല. ക്ലാസ്സുകൾ പതിവുപോലെ പ്രവർത്തിക്കുമെന്നും സർവകലാശാല ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. 

സംഭവത്തിൽ കുറച്ച് വിദ്യാർത്ഥികളെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെ പിന്നീട് പ്രാഥമിക ശ്രുശൂഷ നൽകിയതിനുശേഷം ഡിസ്റ്റാർജ് ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ തെറ്റാണ്. അസഹിഷ്ണുത കോളേജിൽ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ക്യാമ്പസിൽ വിദ്യാർത്ഥികൾ സംഘം ചേരുന്നത് പൊലീസ് നിരോധിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.