എറണാകുളം മഹാരാജാസ് കോളേജിൽ ഇരു വിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാനെത്തിയ എ.സി.പിയും സി.ഐയും അടക്കം ഒന്‍പത് പോലീസുകാർക്ക് പരിക്കേറ്റു. 60 പേർക്കെതിരെ കേസെടുത്ത പൊലീസ് 15 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.
വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. കോളേജ് ഓഡിറ്റോറിയത്തിൽ നവാഗതരെ സ്വാഗതം ചെയ്ത് കെ.എസ്.യു നടത്തിയ പരിപാടിയുടെ ഭാഗമായുള്ള ഗാനമേള നടക്കുകയായിരുന്നു. ഇതിനിടെ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു. പെൺകുട്ടികളെ കളിയാക്കിയതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതെന്ന് ചില വിദ്യാർത്ഥികൾ പറഞ്ഞു. സംഘർഷം നിയന്ത്രിക്കാനെതിയ പൊലീസിനു നേരെ വിദ്യാർഥികൾ കല്ലും കുപ്പിച്ചിലും എറിഞ്ഞു. ഇതോടെ ഇരച്ചെത്തിയ പൊലീസ് പെൺകുട്ടികളെയടക്കം തല്ലിച്ചതച്ചെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
വിദ്യാർത്ഥികളുടെ കല്ലേറിൽ എ.സി.പി കെ ലാൽജിയും സി.ഐ അനന്തലാലും അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ പുറത്ത് നിന്നെത്തിയ ചിലരാണ് അക്രമം നടത്തിയത് എന്നാണ് കോളേജിന്റെ വിശദീകരണം. സെൻട്രൽ പൊലീസ് 60 പേർക്കെതിരെ കേസെടുത്തു. ഇതിൽ 15 അറസ്റ്റിലായിട്ടുണ്ട്.
