ബംഗളൂരു: വിനോദയാത്രക്കിടെ വെളളം ചോദിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ നല്‍കിയത് മദ്യം. കര്‍ണാടകത്തിലെ തുംകുരുവിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുളള കുട്ടികള്‍ മദ്യം കഴിച്ച് അവശനിലയിലായി. രക്ഷിതാക്കളുടെ പരാതിയില്‍ പ്രധാനധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു.

തുകുരു ബൊമ്മലദേവി പുരയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് കാര്‍വാറിലേക്ക് മൂന്ന് ദിവസത്തെ വിനോദയാത്രക്കാണ് കുട്ടികള്‍ പോയത്. ആറ് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയും ഒപ്പമുണ്ടായിരുന്നു. വിനോദയാത്ര കഴിഞ്ഞ് ഞായറാഴ്ച തിരിച്ചുവരുന്ന വഴിക്കാണ് സംഭവമുണ്ടായത്. ബസിനുളളില്‍ നൃത്തം ചെയ്ത് തളര്‍ന്ന കുട്ടികള്‍ അധ്യാപകരോട് വെളളം ചോദിച്ചു. കയ്യിലുണ്ടായിരുന്ന മദ്യകുപ്പികളാണ് അവര്‍ കുട്ടികള്‍ക്ക് കൊടുത്തത്. മദ്യം നേര്‍പ്പിക്കാന്‍ വെളളം ചേര്‍ത്തിരുന്നു. 

ദാഹിച്ചുവലഞ്ഞിരുന്നതിനാല്‍ കുപ്പിയിലുളളത് മദ്യമെന്നറിയാതെ കുടിച്ചെന്ന് കുട്ടികള്‍ പറയുന്നു. കഴിച്ചവര്‍ക്ക് തലകറക്കവും ഛര്‍ദ്ദിയുമുണ്ടായി. കുപ്പിയിലുളളത് എല്ലാവരും കുടിച്ചു.തലകറക്കവും ഛര്‍ദ്ദിയുമുണ്ടായി. ഇരുട്ടായതുകൊണ്ട് കുപ്പിയിലുളളത് എന്താണെന്ന് അറിഞ്ഞില്ലെന്ന് കുട്ടികള്‍ പറഞ്ഞു.

സംഭവമറിഞ്ഞ് കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടതോടെ പ്രധാനധ്യാപകന്‍ സച്ചിദാനന്ദയും രണ്ട് അധ്യാപകരും കുടുങ്ങി. മൂവരെയും വിദ്യാഭ്യാസ ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. മദ്യം കഴിക്കുന്ന ശീലമേയില്ലെന്ന് പ്രധാനാധ്യാപകന്‍ സച്ചിദാനന്ദ പറഞ്ഞു.