ചുറ്റും കാട് പരന്നുകിടക്കുന്ന ഒരു ഗ്രാമമാണത്. ഗ്രാമവാസികളാകട്ടെ, ഏറെയും ആദിവാസികളാണ്. ഗ്രാമത്തിലെവിടെയും സ്‌കൂളില്ല. കാട്ടിനകത്ത് കൂടി ഏറെ ദൂരം നടന്നുവേണം അടുത്ത ഗ്രാമത്തിലുള്ള സ്‌കൂളിലെത്താന്‍

റാഞ്ചി: യൂണിഫോമും ബാഗും പുസ്തകങ്ങളുമെല്ലാമേന്തി സ്‌കൂളിലേക്ക് പോകാന്‍ പുറപ്പെടുന്ന മക്കളുടെ കയ്യിലേക്ക് അമ്പും വില്ലും എടുത്തുകൊടുക്കുന്ന മാതാപിതാക്കളുള്ള ഒരു ഗ്രാമം. കേള്‍ക്കുമ്പോള്‍ കെട്ടുകഥയെന്ന് തോന്നുമെങ്കിലും പോച്ച്പാനിയെന്ന ഗ്രാമത്തില്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ തന്നെയാണ് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത്. 

ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ മാറിയാണ് പോച്ച്പാനിയെന്ന ഗ്രാമമുള്ളത്. ചുറ്റും കാട് പരന്നുകിടക്കുന്ന ഒരു ഗ്രാമമാണത്. ഗ്രാമവാസികളാകട്ടെ, ഏറെയും ആദിവാസികളാണ്. ഗ്രാമത്തിലെവിടെയും സ്‌കൂളില്ല. കാട്ടിനകത്ത് കൂടി ഏറെ ദൂരം നടന്നുവേണം അടുത്ത ഗ്രാമത്തിലുള്ള സ്‌കൂളിലെത്താന്‍. 

മാവോയിസ്റ്റ് ബാധിത പ്രദേശമായതിനാല്‍, ഏതുസമയത്തും ഇവര്‍ മാവോയിസ്റ്റുകളുടെ ആക്രമണം പ്രതീക്ഷിച്ചാണേ്രത ജീവിക്കുന്നത്. കാട്ടിനകത്തുകൂടി നടന്നുപോകുന്ന വഴിക്കെങ്ങാന്‍ ആക്രമണമുണ്ടായാല്‍ തിരിച്ചും ആക്രമിക്കാനാണത്രേ കുട്ടികളുടെ കയ്യില്‍ അമ്പും വില്ലും വച്ചുകൊടുക്കുന്നത്. 

'അവര്‍ നമ്മളെ ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ പേടിച്ച് പിന്മാറരുത്. അങ്ങനെ ചെയ്താല്‍ പിന്നെ, അവര്‍ വീണ്ടും നമ്മളെ ആക്രമിക്കും'- ഗ്രാമവാസിയായ രാം ചന്ദ്ര മാര്‍ഡി പറയുന്നു. 

മാവോയിസ്റ്റുകള്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതി കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കാനാകില്ലെന്നും അതിനാല്‍ അവരെ ആയുധം പ്രയോഗിക്കാന്‍ പരിശീലിപ്പിച്ചിരിക്കുകയാണെന്നും മുതിര്‍ന്ന ഗ്രാമവാസികള്‍ പറയുന്നു.

കാട്ടിനകത്തുകൂടി നടന്നുപോകുമ്പോളള്‍ തങ്ങളുടെ ഗോത്രത്തില്‍ പെട്ടവരല്ലാത്ത മനുഷ്യരെ കാണാറുണ്ടെന്നും അമ്പും വില്ലും കയ്യിലുളളതുകൊണ്ടാണ് അവര്‍ തങ്ങളുടെ അടുത്ത് വരാത്തതെന്നും കുട്ടികളും പറയുന്നു.