" നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ കളിപ്പാട്ടത്തിന് പകരം ഭക്ഷണവും തണുപ്പകറ്റാന്‍ പുതപ്പും ഉറങ്ങാന്‍ കിടക്കയും ചോദിക്കുന്നത് എത്ര ദുഃഖകരമായിരിക്കും. എന്‍റെ ഹൃദയം നുറുങ്ങുന്നുണ്ട്... " അമേരിക്കയിലെ ടെക്സസിലുള്ള മോണ്ട് ക്രിസ്‌റ്റോ എലമെന്ററി സ്‌കൂളിലെ അധ്യാപികയായ റൂത്ത് എസ്പിരിക്വേറ്റയുടേതാണ് ഈ വാക്കുകള്‍.
ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് തന്റെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സാന്റക്ലോസിന് കത്തെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച അനുഭവം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു റൂത്ത്.
ഏഴ് വയസ്സുകാരനായ വിദ്യാര്‍ത്ഥിയെഴുതിയ കത്ത് ആരുടെയും കണ്ണ് നനയിക്കുന്നതാണ്. മിഠായിക്കും കളിപ്പാട്ടങ്ങള്‍ക്കും പകരം അവന്‍ ആവശ്യപ്പെട്ടത് ഭക്ഷണവും പുതപ്പുമാണ്.
ഈ കത്ത് ഷെയര്‍ ചെയ്തുകൊണ്ടാണ് റൂത്ത് തന്റെ അനുഭവം വിവരിക്കുന്നത്. ആ കുട്ടികളില്‍ ഒരാളുടെയെങ്കിലും ആഗ്രഹം സാധിക്കാന്‍ കഴിയുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞാണ് ടീച്ചര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഒരു വിദ്യാര്‍ത്ഥിയുടെ മാത്രം കത്താണിത്. വെള്ളം, ടവ്വല്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളാണ് എല്ലാവരും കളിപ്പാട്ടങ്ങള്‍ക്കും മധുര പലഹാരങ്ങള്‍ക്കും പകരം ആവശ്യപ്പെട്ടത്. ക്രിസ്മസ് അതിന്റെ പൂര്‍ണതയോടെ ആഘോഷിച്ചവരല്ല, തന്റെ സ്‌കൂളിലെ കുട്ടികളെന്നും ടീച്ചര്‍ പറയുന്നു.
ഈ ഏഴ് വയസ്സുകാരനന്റെ കത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് വന്‍ സ്വീകാര്യതയാണ്. ഇതോടെ നിരവധി പേര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് സഹായവുമായി എത്തി. പുതപ്പുകളും ആഹാരവും കിടക്കയും അവര്‍ക്ക് സുമനസ്സുകള്‍എത്തിച്ചുകൊടുത്തുവെന്ന് ഫേസ്ബുക്കിലൂടെ റൂത്ത് വ്യക്തമാക്കി.
കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി നല്ലൊരു ക്രിസ്മസ് കാലം സമ്മാനിച്ചവര്‍ക്ക് റൂത്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ നന്ദി അറിയിച്ചിരുന്നു. 600 ലേറെ പുതപ്പുകളാണ് സ്‌കൂളില്‍ ലഭിച്ചതെന്നാണ് റൂത്ത് തന്നെ പറയുന്നത്.
