ബിഎ കോഴ്സ് എടുത്തുകളയാനും എല്ലാ കോഴ്സുകളിലുള്ളവർക്കും ഹോസ്റ്റൽ സൗകര്യം ഒഴിവാക്കാനുമുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്. കോഴ്സ് നിർത്താനുള്ള തീരുമാനം നൂറോളം മലയാളി വിദ്യാർഥികളെക്കൂടിയാണ് പ്രതിസന്ധിയിലാക്കിയത്. 

ഹൈദരാബാദ്: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്‍റെ ഹൈദരാബാദ് ക്യാംപസിൽ വിദ്യാർഥികൾ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടു. ബി എ കോഴ്സ് എടുത്തുകളയാനും ഹോസ്റ്റൽ സൗകര്യം ഒഴിവാക്കാനുമുള്ള മാനേജ്മെന്‍റ് തീരുമാനത്തിന് എതിരെയാണ് ടിസ് വിദ്യാർഥികൾ സമരം തുടങ്ങിയത്. കോഴ്സ് നിർത്തലാക്കാനുള്ള നീക്കം നൂറോളം മലയാളിക വിദ്യാർത്ഥികളെയടക്കം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

രണ്ടാഴ്ച സമരം ചെയ്തിട്ടും മാനേജ്മെന്‍റ് തീരുമാനം മാറ്റാൻ തയ്യാറാകാത്ത പശ്ചാത്തലത്തിൽ വിദ്യാർഥികൾ നിരാഹാരസമരം തുടങ്ങി. തുടർന്ന് വിദ്യാർത്ഥികളുമായി മാനേജ്മെന്റ് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. നിലവിൽ തെലങ്കാന സർക്കാരിന്റെ വാടക കെട്ടിടത്തിൽ ആണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 

യു ജി സി സഹായം നിർത്തലാക്കാക്കിയതാണ് കോഴ്സ് തുടരാൻ കഴിയാത്തതിന് കാരണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വിശദീകരിക്കുന്നു. മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്ത് നിന്നു അനുകൂല തീരുമാനം വരുന്നത് വരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.