ഇടുക്കി: അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്വന്തമായി നിര്‍മ്മിച്ച എല്‍.ഇ.ഡി ബള്‍ബുകള്‍ ആദിവാസി മേഖലയില്‍ സൗജന്യമായി വിതരണം ചെയ്തത്. അടിമാലി തട്ടേക്കണ്ണന്‍ ആദിവാസികുടിയിലെ 80 വീടുകളില്‍ 300 ബള്‍ബുകളാണ് വിതരണം ചെയ്തത്. 

ആദിവാസി മേഖലകളെ ഊര്‍ജ്ജ ഉപയോഗത്തിന്റെ കാര്യത്തില്‍ മാതൃകാ മേഖലകള്‍ ആക്കുന്നതിനായാണ് അടിമാലി എസ്എന്‍ഡിപി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വേറിട്ട പ്രവര്‍ത്തനം നടത്തിയത്. അടിമാലി ജെസിഐ ക്ലബുമായി കൈകോര്‍ത്ത് ഒന്‍പത് വാള്‍ട്ടിന്റെ 300 ബള്‍ബുകളാണ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചത്. കുടിയിലെ വീടുകളില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ ബള്‍ബുകള്‍ മാറ്റി സ്ഥാപിച്ചു. 

ആദിവാസി മേഖലയില്‍ വോള്‍ട്ട് കൂടിയ ഫിലമന്റ് ബള്‍ബുകളാണ് ഉപയോഗിച്ചിരുന്നത്. കാനന മേഖലയായതിനാല്‍ ബള്‍ബുകള്‍ രാത്രികാലങ്ങളില്‍ മുഴുവനായി തെളിയിച്ചിടുകയാണ് പതിവ്. തന്മൂലം ഭീമമായ വൈദ്യുതി ബില്ലാണ് ഓരോ കുടുംബത്തിലും എത്തിയിരുന്നത്. ഫിലമെന്റ് ബള്‍ബുകളുടെ സ്ഥാനത്ത് വോള്‍ട്ട് കുറഞ്ഞ എല്‍ഇഡികള്‍ എത്തിയതോടെ ബില്ലിന്റെ കാര്യത്തില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. 

ആദിവാസിമേഖല കേന്ദ്രീകരിച്ച് ഊര്‍ജ്ജോപഭോഗ സര്‍വ്വേ നടത്തിയ ശേഷമാണ് വിദ്യാര്‍ത്ഥികള്‍ പദ്ധതിയുമായി മുന്‍പോട്ട് വന്നത്. മുഴുവന്‍ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിയ്ക്കപ്പെട്ടതോടെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ എല്‍ഇഡി ഗ്രാമമായി തട്ടേക്കണ്ണന്‍ കുടി മാറി.