തിരുവനന്തപുരം: കഴക്കുട്ടത്ത് ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ശ്രീകാര്യം എഞ്ചിനിയറിംഗ് കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സര്‍വ്വകലാശാലയിലാണ് അഞ്ച് വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

സാങ്കേതിക സര്‍വ്വകലാശാലയില്‍ പുതിയതായി കൊണ്ട് വന്ന ഇയര്‍ ഔട്ട് സമ്പ്രദായത്തിന് എതിരായായിരുന്നു വിദ്യാര്‍ത്ഥി പ്രക്ഷോഭം. വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും ശേഷമാണ് ടെക്‌നിക്കല്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗൈനൈസേഷന്‍ പ്രതിഷേധവുമായി എത്തിയത്.ഇക്കൂട്ടത്തില്‍ നിന്ന 5 വിദ്യാര്‍ത്ഥികളാണ് സമരത്തിനിടെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ വിസി തയ്യാറാകാത്തിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം കടുപ്പിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സുും മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.സമരം അവസാനിപ്പിക്കാന്‍ കുട്ടികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് രജിസ്ട്രാറുമായി പൊലീസ് സംഘം ചര്‍ച്ച നടത്തി.

ചര്‍ച്ചയ്ക്ക് വിസി തയ്യാറാണെന്നും രാവിലെ 10 മണിക്ക് തന്നെ ചര്‍ച്ച നടത്താമെന്നും രജിസ്റ്റാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കുട്ടികള്‍ സമരം അവസാനിപ്പിച്ചു.