ആലപ്പുഴ: മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ട്യൂഷന്‍ സെന്റര്‍ പ്രിന്‍സിപ്പാളിനും ആലപ്പുഴ സൗത്ത് എസ്‌ഐയ്ക്കുമെതിരെ ആരോപണവുമായി മാതാപിതാക്കള്‍. ആലപ്പുഴ ഇരവുകാട് വാര്‍ഡില്‍ കേളംചേരിയില്‍ ഷിബു - വിജി ദമ്പതികളുടെ മകളായ ശ്രീജ കഴിഞ്ഞ 28 നാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. മരണത്തിന് ഉത്തരവാദി ശ്രീജ പഠിക്കുന്ന ട്യൂഷന്‍ സെന്ററായ ടെമ്പിള്‍ ഓഫ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ പ്രിന്‍സിപ്പാള്‍ ഇന്ദു ടീച്ചര്‍ (സൗമ്യ രാജ്) ആണെന്നും ഈ കേസിനെ കുറിച്ചുള്ള അന്വേഷണം രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എസ്‌ഐ രാജേഷ് അട്ടിമറിക്കുകയാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു. 

ഡിസംബര്‍ 27 ന് പ്രിന്‍സിപ്പാള്‍ ശ്രീജയുടെ മാതാവ് വിജിയെ ട്യൂഷന്‍ സെന്റില്‍ വിളിപ്പിക്കുകയും മറ്റു കുട്ടികളുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും മോശമായ രീതിയില്‍ പെരുമാറുകയും ചെയ്തു. മാനസീക പീഢനം ഉണ്ടാകുന്ന തരത്തിലുള്ള വാക്കുകളാണ് പറഞ്ഞത്. പിറ്റേന്ന് സഹപാഠികളുടെ മുന്നില്‍ വെച്ചും ശ്രീജയെ പ്രിന്‍സിപ്പല്‍ അപമാനിക്കുകയും സഹപാഠികളോട് ശ്രീജയുമായി കൂട്ടു വേണ്ടെന്നും സഹകരിക്കരുതെന്നും പറയുകയും ചെയ്തു. ഈ സംഭവത്തില്‍ സമനില തെറ്റിയാണ് മകള്‍ ആത്മഹത്യ ചെയ്തത്. 

അന്നേ ദിവസം രാത്രി എട്ടു മണിയോടെ ആലപ്പുഴ എസ്.ഐയും പോലീസുകാരും വീട്ടിലെത്തി പരിശോധന നടത്തുകയും ആത്മഹത്യാ കുറിപ്പ് എസ്.ഐ മാറ്റുകയും ചെയ്തുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പിന്നീടുള്ള പോലീസിന്റെ അന്വേഷണം ശരിയായ നിലയിലല്ല മുന്നോട്ടു പോയത്. ഇരവുകാട് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ പ്രിന്‍സിപ്പല്‍ തങ്ങളുടെ മകളില്‍ മാനസീക പീഢനം ഏല്‍പ്പിച്ചതിനാലാണ് ആത്മഹത്യ ചെയ്തത്. ടീച്ചറിന്റെ പേരില്‍ കേസ്സെടുക്കണമെന്നും ഇപ്പോഴുള്ള അന്വേഷണ സംഘത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തെ മാറ്റിയില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ശ്രീജയുടെ അമ്മാവന്‍ പറഞ്ഞു.