തിരുവനന്തപുരം: കേരളാ ലോ അക്കാദമിയിലെ സമരം ഇരുപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കേണ്ടെന്ന സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റിന്റെ തീരുമാനം വന്നതോടെ സമരം ശക്തമാക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. അക്കാദമി പ്രിന്‍സിപ്പല്‍ ഡോ.ലക്ഷ്മി നായര്‍ രാജി വയ്‌ക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥിനികള്‍. അതിനിടെ അക്കാദമിയുടെ ഭൂമിയിന്മേലുള്ള റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി മന്ത്രിക്ക് കൈമാറും. 

നേരത്തെ ഭൂമിയെ കുറിച്ചുള്ള അന്വേഷണ കാര്യത്തില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വ്യത്യസ്ത നിലപാടുകളാണ് എടുത്തത്. എങ്കിലും ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയില്‍ സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധ ദിനം ആചരിക്കും. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലികളും സംഘടിപ്പിക്കും.