രണ്ടു വര്‍ഷത്തിനകം സൗദിയില്‍ മുപ്പത് ലക്ഷത്തോളം സ്ത്രീകള്‍ വാഹനം ഓടിക്കുമെന്ന് റിപ്പോര്‍ട്ട്

റിയാദ്: രണ്ടു വര്‍ഷം കൊണ്ട് സൗദിയില്‍ മുപ്പത് ലക്ഷത്തോളം സ്ത്രീകള്‍ വാഹനം ഓടിക്കുമെന്ന് പഠന റിപ്പോര്‍ട്ട്‌. വാഹന വിപണിയിലും, ഇന്‍ഷുറന്‍സ് വിപണിയിലും വലിയ തോതിലുള്ള ഉയര്‍ച്ച ഇതോടെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

അടുത്ത ജൂണ്‍ മാസത്തിലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്. അതുകൊണ്ട് തന്നെ പതിനായിരക്കണക്കിനു സൗദി വനിതകള്‍ ഡ്രൈവിംഗ് പരിശീലനം നേടിക്കൊണ്ടിരിക്കുകയാണിപ്പോള്‍. 

2020 ആകുമ്പോഴേക്കും മുപ്പത് ലക്ഷത്തോളം വനിതകള്‍ രാജ്യത്ത് ഡ്രൈവിംഗ് പരിശീലനം നേടുമെന്നാണ് റിപ്പോര്‍ട്ട്‌. രണ്ടു വര്‍ഷം കൊണ്ട് സൗദി വനിതകളില്‍ ഇരുപത് ശതമാനവും വാഹനം ഓടിക്കുമെന്നാണ് സൂചന. ഏറ്റവും കൂടുതല്‍ വനിതകള്‍ വാഹനം ഓടിക്കുന്നത് മക്ക പ്രവിശ്യയില്‍ ആയിരിക്കും. 

എട്ടു ലക്ഷത്തിലധികം വനിതകള്‍ ഈ പ്രവിശ്യയില്‍ വാഹനം ഓടിക്കുമ്പോള്‍ റിയാദ് പ്രവിശ്യയില്‍ 7,28,000 പേര്‍ വാഹനം ഓടിക്കുമെന്നാണ് സൂചന. കിഴക്കന്‍ പ്രവിശ്യയില്‍ നാലേക്കാല്‍ ലക്ഷത്തോളം വനിതകള്‍ വാഹനമോടിക്കും. 

വാഹന വിപണിയില്‍ ഓരോ വര്‍ഷവും ഒമ്പത് ശതമാനം വര്‍ധനവുണ്ടാകുമെന്നും പിഡബ്ല്യുസി തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട്‌ പറയുന്നു. 2025 വരെ ഈ വര്‍ധനവ് ഉണ്ടാകും. വാഹന ഇന്‍ഷുറന്‍സ് വിപണിയിലും ഓരോ വര്‍ഷവും ഒമ്പത് ശതമാനം വര്‍ധനവുണ്ടാകും. വനിതാ ഡ്രൈവിംഗ് സ്കൂളുകളുടെ എണ്ണവും വന്‍ തോതില്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്‌ പറയുന്നു.