ക്വാര്‍ട്ടറിന് മുന്‍പ് ഗ്രീസ്‌മാനെ നേരിട്ട് സുവാരസ്
മോസ്കോ: ലോകകപ്പില് ഉറുഗ്വെയ്ക്കെതിരായ ക്വാര്ട്ടര് മത്സരം ഫ്രഞ്ച് താരം അന്റോയിന് ഗ്രീസ്മാന് അല്പം വൈകാരികമാണ്. അത്ലറ്റികോ മാഡ്രിഡിലെ ഉറ്റ സുഹൃത്ത് ഡീഗോ ഗോഡിനെ നേരിടണമെന്നതാണ് ഗ്രീസ്മാന്റെ ധര്മ്മ സങ്കടം. സൗഹൃദം കളിയില് പ്രതീക്ഷിക്കേണ്ടെന്നാണ് ഗ്രീസ്മാന്റെ മുന്നറിയിപ്പ്.
ആ അടുപ്പം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള അടുത്ത ബന്ധത്തിനും വഴിവെച്ചു. മകൾ മിയയുടെ തലതൊട്ടപ്പനായി ഗോഡിനെ ഗ്രീസ്മാന് തീരുമാനിച്ചതും ഇരുവരും തമ്മിലുള്ള ആത്മ ബന്ധം വെളിവാക്കുന്നു. പാതി ഉറുഗ്വെക്കാരനാണ് താനെന്ന് ഗ്രീസ്മാന് തന്നെ പറയുന്നു. അത്രകണ്ട് സ്നേഹമുണ്ട് ഗ്രീസ്മാന് ആ രാജ്യത്തോടും സംസ്കാരത്തോടും. ക്വാര്ട്ടര് പോരിനിറങ്ങുമ്പോൾ ഈ പരിഗണന ഗോഡിനോ ഉറുഗ്വെയ്ക്കോ ലഭിക്കില്ലെന്നാണ് താരത്തിന്റെ മുന്നറിയിപ്പ്.
അതേസമയം ഗ്രീസ്മാനെതിരെ പ്രതികരണവുമായി ഉറുഗ്വെ സൂപ്പര് താരം സുവാരസ് രംഗത്തെത്തി. സ്പാനിഷ് സംസാരിക്കുന്നത് കൊണ്ടുമാത്രം ഉറുഗ്വെക്കാരനാവില്ലെന്നായിരുന്നു സുവാരസിന്റെ പ്രതികരണം. എന്തായാലും ഗ്രീസ്മാനെ തടയാന് ഗോഡിന് സാധിക്കുമോ, അതോ ഗോഡിനെ മറികടന്ന് ഗ്രീസ്മാന് ഉറുഗ്വെ വല കുലുക്കുമോ എന്ന് കണ്ടറിയണം. എന്ത് നടന്നാലും അതിരുകടന്ന ഫൗളുകൾ ഉണ്ടാവില്ല കളത്തിലെന്ന് ഉറപ്പാക്കാം.
