തൃശൂര്‍: നിത്യോപയോഗ സാധനങ്ങള്‍ തൂക്കി വാങ്ങുമ്പോള്‍ പറ്റിക്കപ്പെടുന്നുവെന്നുള്ള പരാതികള്‍ സാധാരണമാണ്. അളവ് തൂക്കങ്ങളെ കുറിച്ചുള്ള പരാതികള്‍ കൂടിയിട്ടും കച്ചവടക്കാരുടെ സമീപനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടാക്കാന്‍ മുന്നോട്ടിറങ്ങിയത് ഒരു പെണ്‍പുലിയാണ്. ന്യൂജൻ ഐഎഎസും ഐപിഎസും രാഷ്ട്രീയ സംവിധാനങ്ങളെ പോലും തെല്ലൊന്ന് വിറപ്പിക്കുന്ന കാലത്ത് തൃശൂരിലും ഒരു പെൺപുലി. തൃശൂരിലെ സബ് കളക്ടർ രേണു രാജ് അളവ് തൂക്കങ്ങളിലെ തട്ടിപ്പ് പൊളിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. അളവ് തൂക്കങ്ങളിലെ കൃത്യത ഉറപ്പാക്കാന്‍ പതിവ് രീതികളില്‍ നിന്ന് അല്‍പം മാറിയാണ് സബ്കളക്ടര്‍ സഞ്ചരിക്കുന്നത്.
പതിവ് രീതികളില്‍ നിന്ന് അല്‍പം മാറിയാണ് സബ്കളക്ടര്‍ സഞ്ചരിക്കുന്നത്.
ഉപഭോക്താവിന് അളക്കാം
പതിവ് യോഗങ്ങളും അദാലത്തുകളും പോലെയല്ല ഇവിടത്തെ പുതിയ നീക്കം. സൂപ്പർ മാർക്കറ്റുകളിൽ ഉപഭോക്താക്കൾക്ക് സാധന സാമഗ്രികളുടെ അളവ് തിട്ടപ്പെടുത്താൻ ഇലക്‌ട്രോണിക് ത്രാസ് സംവിധാനം സജ്ജമാക്കണമെന്ന് താലൂക്ക് ഭക്ഷ്യോപദേശക വിജിലൻസ് കമ്മിറ്റി യോഗത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സാധന സാമഗ്രികളുടെ അളവു തൂക്കം കൃത്യമാണെന്ന് തിട്ടപ്പെടുത്തുന്നതിനുള്ള സംവിധാനമൊരുക്കാനുള്ള നിർദ്ദേശം സബ് കളക്ടർ ലീഗൽ മെട്രോളജി വിഭാഗത്തിന് നൽകി. എല്ലാ സൂപ്പർമാർക്കറ്റുകൾക്കും ഇതു സംബന്ധിച്ച് നിർദ്ദേശം സർക്കുലറായി നൽകാനും സബ് കളക്ടർ നിർദ്ദേശിച്ചു. ഇതോടെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ സ്വന്തമായി അളവ് തൂക്കം കൃത്യമാണോയെന്ന് ഉറപ്പുവരുത്താം. നിലവില്‍ സാധാരണ സൂപ്പർ മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജീവനക്കാരാണ് സാമഗ്രികൾ അളന്ന് തൂക്കി ബില്‍ തയ്യാറാക്കുന്നത്. പാക്കറ്റ് ഉല്‍പന്നങ്ങൾ മാത്രമാണ് ഉപഭോക്താക്കൾക്ക് നേരിട്ട് എടുത്ത് കൗണ്ടറുകളിലെത്തിക്കാന്‍ സാധിക്കൂ.
എല്ലാ സൂപ്പർമാർക്കറ്റുകൾക്കും ഇതു സംബന്ധിച്ച് നിർദ്ദേശം സർക്കുലറായി നൽകാനും സബ് കളക്ടർ നിർദ്ദേശിച്ചു.
നിര്‍ദേശങ്ങളില്‍ പുതുമയില്ലെന്ന് വ്യാപാരികള്‍
നിലവിലെ സാഹചര്യത്തില്‍ ലഭിച്ചിരിക്കുന്ന നിര്‍ദേശങ്ങളില്‍ പുതുമയൊന്നും ഇല്ലെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്. ഇപ്പോഴും തങ്ങൾക്കാവശ്യമായ സാധനങ്ങൾ അളന്ന് തൂക്കിയെടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ജീവനക്കാര്‍ ഇതിന് സഹായം മാത്രമാണ് നല്‍കുന്നതെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും വ്യാപാരികള്‍ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് അസംതൃപ്തിയുണ്ടാക്കുന്ന ഇടപെടൽ ജീവനക്കാരിൽ നിന്നുണ്ടാവുന്നില്ലെന്നും അത്തരം പ്രവര്‍ത്തികള്‍ കച്ചവടത്തെയാണ് ബാധിക്കുകയെന്ന ബോധ്യം തങ്ങൾക്കുണ്ടെന്നും സൂപ്പർമാർക്കറ്റ് ഉടമകൾ വ്യക്തമാക്കുന്നു. അതേസമയം ജീവനക്കാരില്ലാത്ത ഇടത്തരം വ്യാപാര സ്ഥാപനങ്ങളിൽ പുതിയ നീക്കം അപ്രായോഗ്യമാണെന്നും വ്യാപാരികൾ വിശദമാക്കി.
വർഷത്തിനിടെ തൃശൂർ താലൂക്കിൽ മാത്രം 30 റേഷൻ കടകളിൽ ക്രമക്കേട് കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്തതായി സപ്ലൈ ഓഫീസർ
പൊതുവിതരണ ശൃംഖല ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട് പദ്ധതികള്‍
റേഷൻ കടകളിലെ അരിയും മറ്റുൽപ്പന്നങ്ങളും കരിഞ്ചന്തയിൽ വിൽപന നടത്തി കുപ്രസിദ്ധി നേടിയ തൃശൂർ ജില്ലയിലെ പൊതു വിതരണ ശൃംഖല സുതാര്യവും അഴിമതി വിമുക്തവുമാക്കാനും ഭക്ഷ്യോപദേശക വിജിലൻസ് കമ്മിറ്റിയിൽ തീരുമാനമായി. കഴിഞ്ഞ ഒരു വർഷത്തിനിടെ തൃശൂർ താലൂക്കിൽ മാത്രം 30 റേഷൻ കടകളിൽ ക്രമക്കേട് കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്തതായി സപ്ലൈ ഓഫീസർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റേഷൻ വിതരണവുമായി ബന്ധപ്പെട്ടആശയക്കുഴപ്പം പരിഹരിക്കുന്നതിന് സുതാര്യമായ സംവിധാനമൊരുക്കാനും യോഗത്തിൽ നിർദ്ദേശമുണ്ടായി. ചെവ്വൂരിലെ റേഷൻ കടയിൽ നിന്നും ചേർപ്പിലെ സ്വകാര്യ അരി വ്യാപാര കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്ത സ്റ്റോക്ക് സർക്കാരിലേക്ക് വരവുവച്ചു. ഇവിടെ കാർഡുടമകൾക്ക് സൗകര്യപ്രദമായി റേഷൻ വിതരണത്തിന് ബദൽ സംവിധാനമൊരുക്കിയിട്ടുണ്ട്.
