മൂന്നാര്‍: ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെ സബ്കക്ടറെയും റവന്യൂ സംഘത്തെയും തടഞ്ഞവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു കാണിച്ച് ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ റിപ്പോർട്ട് നൽകി. ഒഴിപ്പിക്കലിനു പോകുന്നതിനു മുന്പ് പൊലീസിനെ അറിയിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.
ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കാനെത്തിയ ഭൂസംരക്ഷണ സേനാംഗത്തെ മർദ്ദിക്കുകയും സബ്കളക്ടർ ഉൾപ്പെടെയുള്ളവരെ തടയുകയും ചെയ്ത സംഭവം വിവാദമായതോടെ ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ആവശ്യപ്പെട്ടിരുന്നു. യഥാസമയം നടപടി എടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് സബ്കളക്ടറും ജില്ലാകളക്ടറും എസ്പിയെ അറിയിച്ചിരുന്നു. എന്നാൽ കയ്യേറ്റമൊഴിപ്പിക്കാൻ പോകുന്ന വിവരം മുൻകൂട്ടി അറിയിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് എസ്പി റിപ്പോർട്ട് നൽകിയത്.
പൊലീസ് എത്തുന്നതിനു മുന്‍പാണ് കയ്യേറ്റം നടന്നത്. സംഭവം സംഘർഷത്തിലേക്ക് നീങ്ങിയതിനു ശേഷമാണ് പൊലീസിനെ അറിയിച്ചതെന്നും റിപ്പോർട്ടിലുണ്ട്. പൊലീസെത്തിയ ശേഷം ഇരുകൂട്ടരും തമ്മിൽ തർക്കം മാത്രമാണ് ഉണ്ടായത്. സബ്കളക്ടറുടെ നിർദ്ദേശ പ്രകാരം കയ്യേറ്റം ചെയ്തവരെ അറസ്റ്റു ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. ഒപ്പം സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസ്സുകളും എടുത്തിട്ടുണ്ട്.
ഭൂമി കയ്യേറിയതിന് ദേവികുളം സ്വദേശി മണിക്കെതിരെയും ഭൂ സംരക്ഷണ സേനാംഗത്തെ കയ്യേറ്റം ചെയ്തതിന് പഞ്ചായത്ത് മെന്പർ സുരേഷ്കുമാർ, ഡിവൈഎഫ്ഐ നേതാവ് ജോബി എന്നിവർക്കെതിരെയുമാണ് കേസ്സെടുത്തത്. എന്നിട്ടും ഉത്തരവാദിത്തം പൊലീസിൻറെ തലയിൽ കെട്ടിവയക്കുന്ന റവന്യൂ വകുപ്പിൻറെ നടപടി അംഗീകരിക്കേണ്ടെന്നാണ് നിലപാട്.
ഒഴിപ്പിക്കൽ സംബന്ധിച്ച് മൂന്നാർ ഡിവൈഎസ്പിയെ പോലും അറിയിക്കാത്തതിനെ വിമർശിച്ചിട്ടുമുണ്ട്. ആവശ്യപ്പെട്ടിരുന്നെങ്കിൽ ആവശ്യത്തിന് പൊലീസിനെ നൽകിയേനെ. അതിനാൽ സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർക്കെതിരെ വേണ്ടെന്നാണ് എസ്പിയുടെ നിലപാട്. എന്നാൽ റവന്യൂ സംഘത്തെ തടഞ്ഞപ്പോൾ കാഴ്ചക്കാരായി നിന്ന പൊലീസിനെതിരെ നടപടി വേണമെന്നാണ് ജില്ലാ കളക്ടറുടെ ശുപാർശ.
