ബി.ജെ.പി മന്ത്രിമാര്‍ക്ക് ഡ്രസ് കോഡ് വേണം എന്നതാണ് സുബ്രഹ്മണ്യസ്വാമിയുടെ പുതിയ വിവാദ ട്വീറ്റ്. കോട്ടും ടയ്യും ധരിച്ച് ഹോട്ടൽ വെയ്റ്റര്‍മാരെ പോലെയല്ല, ഇന്ത്യൻ സംസ്കാരത്തിന് ഇറങ്ങിയ വസ്ത്രം ധരിച്ച് വേണം മന്ത്രിമാര്‍ വിദേശത്തേക്ക് പോകേണ്ടതെന്നും സുബ്രഹ്മണസ്വാമി ട്വിറ്ററിൽ കുറിച്ചു. ബീജിംഗ് സന്ദര്‍ശിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയൊണ് സുബ്രഹ്മണ്യസ്വാമി ഉന്നംവെച്ചതെന്ന് വ്യക്തം. എന്നാൽ അത്തരം വാദങ്ങൾ സുബ്രഹ്മണ്യസ്വാമി തള്ളി. കാര്യങ്ങൾക്ക് വേണ്ടി സ്മാര്‍ട്ടാകുന്ന ആളാണ് അരുണ്‍ ജയ്റ്റ്ലിയെന്നും ജയ്റ്റ്ലിയെ താൻ ഉന്നംവെക്കുന്നു എന്നത് ഊഹാപോഹം മാത്രമാണെന്നും സുബ്രഹ്മണ്യസ്വാമി തിരുവനന്തപുരത്ത് പറഞ്ഞു.
കോട്ടും ടയ്യും ധരിച്ച് വെയ്റ്റര്‍മാരെ പോലെ എന്ന സുബ്രഹ്മണ്യസ്വാമിയുടെ പ്രസ്താവന ഹോട്ടൽ വെയ്റ്റര്‍മാരെ അപമാനിക്കുന്നതാണെന്ന് ഇതിനിടെ റോബര്‍ട്ട് വധ്ര കുറ്റപ്പെടുത്തി. റോബര്‍ട്ട് വധ്രയുടെ മാതാവ് ലണ്ടനിൽ വെയ്റ്റര്‍ ജോലി ചെയ്തിട്ടുള്ളതുകൊണ്ടാകാം അദ്ദേഹത്തിന് വേദനിച്ചതെന്നായിരുന്നു അതിന് സുബ്രഹ്മണ്യസ്വാമിയുടെ മറുപടി.
രാഹുൽ ഗാന്ധി ലണ്ടനിൽ ഒരു പ്രത്യേക സുഹൃത്തിനൊപ്പമാണെന്ന ആരോപണവും സ്വാമി ഉയര്‍ത്തി. സര്‍ക്കാരിന്‍റെ സാമ്പത്തിക വിദഗ്ധര്‍ക്കെതിരെയും മന്ത്രിക്കെതിരെയുമൊക്കെ ആരോപണങ്ങൾ ഉയര്‍ത്തുന്ന സ്വാമി നേതൃത്വത്തിന്‍റെ തലവേദനയായി മാറുകയാണ്. അതേസമയം ജയ്റ്റ്ലിക്കെതിരെയുള്ള സ്വാമിയുടെ ആരോപണം പ്രധാന നേതാക്കളുടെ മൗനാനുവാദത്തോടെ ആണെന്ന വിമര്‍ശനവും ഉണ്ട്.
