പോലീസ് മേധാവി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ മാറ്റിയത് ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജിയല്‍ വിധി വരാനിരിക്കെയാണ് വിജിലന്‍സ് മേധാവി സ്ഥാനത്ത് ഇളക്കി പ്രതിഷ്ഠ ഉണ്ടായിരിക്കുന്നത്. ഈ മാസം 10നാണ് വിധിവരുന്നത്. മാത്രമല്ല വിജിലന്‍സ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ ഹൈക്കോടതിയുടെ അന്തിമവിധിയും ഈ മാസം ഉണ്ടാകും. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു മാസത്തെ അവധിയിലാണ്. പക്ഷേ, ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയിട്ടില്ല. 

സാധാരണ ഡയറക്ടര്‍ അവധിയില്‍ പോകുമ്പോള്‍ വിജിലന്‍സ് എഡിജിപിക്ക് താല്‍ക്കാലിക ചുമതല നല്‍കുകയാണ് കീഴ്‌വഴക്കം. എന്നാല്‍ ഇതാദ്യമായി ക്രമസമാധാന ചുമതലയുള്ള ഡിജിപിക്ക് തന്നെ വിജിലന്‍സിന്റെയും ചുമതല സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. ജേക്കബ് തോമസിന്റെ മടങ്ങി വരവ് ഇനിയുണ്ടാകില്ലെന്ന സൂചന നല്‍കിയായായിരുന്നു ബെഹ്‌റക്ക് ചുമതല നല്‍കിയത്.

വിജിലന്‍സ് തലപ്പത്തേക്ക് പകരക്കാരനുവേണ്ടി സര്‍ക്കാര്‍ വൃത്തങ്ങളില്‍ ആലോചനയും തുടങ്ങി. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരായ ഋഷിരാജ് സിംഗ്, എ.ഹേമചന്ദ്രന്‍. മുഹമ്മദ് യാസിന്‍, രാജേഷ് ധിവാന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. എന്നാല്‍ വിജിലന്‍സിന്റെ താക്കോല്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഈ പറഞ്ഞ പല ഉദ്യോഗസ്ഥര്‍ക്കും മടിയാണ്. എന്തായാലും സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി വിധിക്കുശേഷമേ അന്തിമ തീരുമാനമുള്ളൂ എന്നാണ്് ആഭ്യന്തരവകുപ്പില്‍ നിന്നുള്ള സൂചനകള്‍. 

ഇതിനിടെ ബെഹ്‌റ വിജിലന്‍സ് ആസ്ഥാനത്തെത്തി തല്‍ക്കാലിക ചുമതലയേറ്റെടുത്തു. പൊലീസിലും ഉപതെരഞ്ഞെടപ്പിനുശേഷം അഴിച്ചുപണിയുണ്ടാകും.