കാസര്‍കോട്: യുവ മാന്ത്രികന്‍ സുധീര്‍ മാടക്കത്തിന് ലോക റെക്കോര്‍ഡ്. ഒരേ സമയം ഏറ്റവും കൂടുതല്‍ മാന്ത്രികര്‍ ഒരുമിച്ച് മാന്ത്രിക ദണ്ഡ് ഉപയോഗിച്ച് അവതരിപ്പിച്ച മാജിക്കിനാണ് റെക്കോഡ്. വേള്‍ഡ് റെക്കോര്‍ഡ്‌സ് ഓഫ് ഇന്ത്യ എന്ന അവാര്‍ഡ് സ്വന്തമാക്കിയ സുധീര്‍ മാടക്കത്ത് കാസര്‍കോട് ജില്ലയിലെ നീലേശ്വരം സ്വദേശിയാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് ഡല്‍ഹിയിലെ ഇന്ത്യന്‍ ബ്രദര്‍ഹുഡ് ഓഫ് മെജീഷ്യന്‍സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഈ പരിപാടി നടന്നത്. രാജ്യത്തെ 231 ഓളം മാന്ത്രികന്മാര്‍ ഒരുമിച്ച് ചേര്‍ന്നായിരുന്നു പരിപാടി. 

മാജിക് രംഗത്ത് 26 വര്‍ഷം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ദേശീയോദ്ഗ്രഥനം, മദ്യം, മയക്കുമരുന്ന്, എയ്ഡ്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ മാജിക്കുകള്‍ ധാരാളം അവതരിപ്പിച്ചിട്ടുണ്ട്. 1997 ല്‍ കൊറിയന്‍ ആസ്‌പ്പെക്ക് 97 എന്ന കൊറിയന്‍ അവാര്‍ഡും, ഇന്ത്യന്‍ ജാല്‍ അവാര്‍ഡ്, 2009 ല്‍ ബഹ്‌റിന്‍ എക്‌സലന്‍ഡ് അവാര്‍ഡ്, 2014 ല്‍ കലാശ്രീ പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. 

കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച ഇദ്ദേഹത്തിന്റെ 'മാജിക് സില്‍സിലാ' എന്ന മള്‍ട്ടി കളര്‍ മേഗാ മാജിക് ഷോയില്‍ 25 ഓളം കലാകാരന്മാരെ അണിനിരത്തിയിട്ടുണ്ട്. നീലേശ്വരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാജിക്കിന്റെ അമരക്കാരനും മലയാളി മാജീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമാണ് സുധീര്‍ മാടക്കത്ത്.