പനജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മന്ത്രസഭയില്‍ എംജിപി അധ്യക്ഷന്‍ സുധിന്‍ ധവ്‍ലിക്കര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. അധികാരം കിട്ടുമെങ്കില്‍ കോണ്‍ഗ്രസുമായും ബിജെപിയുമായും മാറിമാറി സഖ്യം ഉണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് സുധിന്‍ ധവ്‍ലിക്കര്‍ ഗോവയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് എംഎല്‍മാരുള്ള എംജിപിക്ക് രണ്ട് മന്ത്രിസ്ഥാനമാണ് ബിജെപി നല്‍കിയത്. അഞ്ച് കൊല്ലം ഭരിക്കാന്‍ ഈ പാര്‍ട്ടിയല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടിയോടൊപ്പം പോകണം. 2007 ബിജെപിക്ക് ഭരണം പിടിക്കാനുള്ള എംഎല്‍മാര്‍ ഉണ്ടായിരുന്നില്ല.

കോണ്‍ഗ്രസ് കൃത്യസമയത്ത് നിയമസഭാ കക്ഷിനേതാവിനെ തീരുമാനിക്കണമായിരുന്നു. അവസാനം സീനിയറല്ലാത്ത ഒരാളെയാണ് കോണ്‍ഗ്രസ് നേതാവാക്കിയത്. കോണ്‍ഗ്രസില്‍ എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ധവ്‍ലിക്കര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഗോവ സുരക്ഷാ മഞ്ചുമായും ശിവസേനയുമായും ചേര്‍ന്ന് വലതുപക്ഷ ബദല്‍ സഖ്യമുണ്ടാക്കി ബിജെപിക്കെതിരെ മത്സരിച്ച പാര്‍ട്ടിയാണ് എംജിപി.

മനോഹര്‍ പരീക്കറിനെ കടന്നാക്രമിച്ചായിരുന്നു എംജിപി സഖ്യത്തിന്റെ പ്രചാരണം. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ഇതുവരെപറഞ്ഞതെല്ലാം വിഴുങ്ങി പരീക്കര്‍ക്കൊപ്പം ഭരണത്തില്‍ പങ്കാളിയാവുകയാണ് എംജിപി. 2007ല്‍ കോണ്‍ഗ്രസിനൊപ്പവും 2012ല്‍ ബിജെപിക്കൊപ്പവും അധികാരം പങ്കിട്ട പാര്‍ട്ടിയാണ് എംജിപിയെന്നുകൂടി അറിയണം. ഭരണം കിട്ടാന്‍ ഏതുപാര്‍ട്ടിയോടും കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നാണ് എംജിപി അധ്യക്ഷന്‍ സുധിന്‍ ധാവ്ലിക്കര്‍ പറയുന്നത്.

ഇത്തവണ പതിനേഴ് എംഎല്‍മാരുണ്ടായിട്ടും നിയമസഭാകക്ഷിനേതാവിനെ എളുപ്പം തീരുമാനിക്കാന്‍ കോണ്‍ഗ്രസിനായില്ല. ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കഴിതാതെപോയതിന്റെ കാരണം അതാണ്. മുതിര്‍ന്ന എംഎല്‍എയായ തനിക്ക് പരീക്കര്‍ മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പ്തന്നെ കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും ധാവ്‌ലിക്കര്‍ വ്യക്തമാക്കി.