Asianet News MalayalamAsianet News Malayalam

സുഗതന്റെ ആത്മഹത്യ; ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്

sugathans suicide Police said there was no evidence to support suicide
Author
First Published Feb 25, 2018, 7:53 PM IST

കൊല്ലം:   നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പില്‍, ഉടമ സുഗതന്‍ ജീവനൊടുക്കിയതില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്. മരണത്തിന് ഉത്തരവാദികളായവരെ പിടിച്ചില്ലെങ്കില്‍ കുടുംബം ഒന്നടങ്കം  ജീവനൊടുക്കുമെന്ന് മരിച്ച സുഗതന്റെ മകന്‍ സുനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സുഗതന്‍ ആത്മഹത്യ ചെയ്തിട്ട് 48 മണിക്കൂര്‍ കഴിഞ്ഞു. വര്‍ക് ഷോപ്പ് നിര്‍മ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയെന്നും സംഭവം ഒത്ത് തീര്‍ക്കാന്‍ ഇവര്‍ പണം ആവശ്യപ്പെട്ടെന്നും മകന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മൊഴിയില്‍ പേരുള്ള എഐവൈഎഫ് പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനോ കൂടുതല്‍ അന്വേഷണത്തിനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്‍ തെളിവുകളില്ലെന്നാണ് കുന്നിക്കോട് എസ്‌ഐ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പൊലീസിന്റെ മെല്ലപ്പോക്കിന് പിന്നില്‍ പ്രാദേശിക സിപിഐ നേതൃത്വത്തിന്റെ സമ്മര്‍ദ്ദമെന്നാണ് കുടുംബത്തിന്റെ ആരോപണം.

അന്വേഷണം ഇഴയുന്ന സാഹചര്യത്തില്‍ ഡിജിപിയെയും മുഖ്യമന്ത്രിയേയും കാണാന്‍ കുടുംബം ആലോചിക്കുന്നുണ്ട്. നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം റൂറല്‍ എസ്പിയോടും ജില്ലാ കളക്ടറോടും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 20 ന് നടക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ കേസ് പരിഗണിക്കും.
 

Follow Us:
Download App:
  • android
  • ios