കൊല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് നാട്ടുകാരുടെ ആരോപണം. ഇന്നുച്ചയോടെയാണ് മാടൻനട ജംഗ്ഷന് സമീപം ജിതേഷ് ഭവനില്‍ ശോഭന ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവും മാതാവും പുറത്ത് പോയ സമയത്താണ് വീടിന് മുൻവശത്തെ മുറിയില്‍ ശോഭനയെ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. ഇവര്‍ സമീപവാസികളെ വിവരമറിയിച്ചു. പെട്ടെന്ന് ഫാനില്‍ നിന്നു മൃതദേഗഹം അഴിച്ചിറക്കാനും ആവശ്യപ്പെട്ടു. ഭര്‍ത്താവ് ജിതേഷിന്‍റെയും അമ്മയുടെയും പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ ആര്‍ഡിഒയെ വിളിക്കണമെന്നാവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത ഇരുവരയും നാട്ടുകാര്‍ തടഞ്ഞു വച്ചു.

നേരത്തെ പല തവണ വീട്ടില്‍ നിന്നു ഒച്ചയും ബഹളവും കേള്ക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ശോഭനയുടെ ഭര്‍ത്താവ് ജിതേഷിനെയും ഇയാളുടെ അമ്മയേയും ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ആര്‍ഡിഒ എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു.