തിരുവല്ല: തിരുവല്ല മീന്തലക്കരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചത് ആത്മഹത്യാശ്രമത്തിനിടെയെന്ന് തെളിഞ്ഞു. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീടിന് തീപിടിച്ച് പൊള്ളലേറ്റതാണെന്നായിരുന്നു പ്രാഥമിക നിഗമനം.

മീന്തലക്കര സ്വദേശി തെങ്ങനാംകുളത്ത് അജിയുടെ മകള്‍ അഭിരാമിയാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പ് സഹോദരന്‍റെ സ്കൂള്‍ ബാഗില്‍നിന്ന് കണ്ടെടുത്തു. മാതാപിതാക്കള്‍ പതിവായി വഴക്ക് പറയുന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കത്തില്‍ പറയുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. മീന്തലക്കര നിക്കോള്‍സണ്‍ സിറിയന്‍ ഗേള്‍സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അഭിരാമിയും സഹോദരനും രാവിലെ സ്കൂളില്‍ പോയെങ്കിലും വിദ്യാഭ്യാസ ബന്ദായിരുന്നതിനാല്‍ തിരികെവന്നു.

അഭിരാമിയുടെ മുറി പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപ്പിടുത്തമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായി പരിശോധിച്ച പൊലീസ് അഭിരാമിയുടെ ശരീരത്തില്‍നിന്നും മണ്ണെണ്ണയുടെ അംശം കണ്ടെത്തി. തുടര്‍ന്ന് തിരുവല്ല സി.ഐ. ടി. രാജപ്പന്‍റെ നേതൃത്വത്തില്‍ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അഭിരാമിയുടെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Slug