ആലപ്പുഴ: മാന്നാറില്‍ 22കാരിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച അയല്‍വാസിയും ഗുണ്ടാനേതാവുമായ സുരേഷ്കുമാറിനെ അറസ്റ്റ് ചെയ്തു. ജീവനൊടുക്കിയില്ലെങ്കിൽ യുവതിയെ കൊല്ലുമെന്ന് സുരേഷ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ രേഖ പ്രതിയുടെ ഫോണി‍ൽ നിന്ന് തന്നെ പൊലീസിന് കിട്ടി .

ഭീഷണിപ്പെടുത്തല്‍, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ പ്രകാരമാണ് മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശിയായ സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അയല്‍വാസിയായ വന്ദനയെന്ന യുവതിയാണ് ബുധനാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സുരേഷ് കുമാറിന് വന്ദനയുമായി അടുപ്പമുണ്ടായിരുന്നെന്ന വിവരം നാട്ടുകാര്‍ പൊലീസീനെ അറിയിച്ചു. സുരേഷിനെ ചോദ്യം ചെയ്ത പൊലീസ് ഇയാളുടെ ഫോണ്‍ വിശദമായി പരിശോധിച്ചു.

ഏറെ സമയമായിട്ടും കാണാതായതോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ അച്ഛനും അമ്മയുമാണ് വന്ദനയെ മരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. മാന്നാറിലെ കുപ്രസിദ്ധ ഗുണ്ടയായ സുരേഷ് കുമാര്‍ കഞ്ചാവ് കടത്തല്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.