പാത്രിയാര്‍ക്കീസ് ബാവയുടെ ജന്മനാടായ ഖാമിഷ് ലി ജില്ലയിലെ ഖാതിയില്‍ ഓട്ടോമന്‍ കൂട്ടക്കുരുതിയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടെയായിരുന്നു ആക്രമണം. സ്മാരകം ഉദ്ഘാടനം ചെയ്ത ശേഷം പാത്രിയാര്‍ക്കീസ് ബാവ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുമ്പോള്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അംഗരക്ഷകര്‍ തടഞ്ഞു നിര്‍ത്തിയതിനാല്‍ ചാവേറിന് പാത്രിയാര്‍ക്കിസ് ബാവയുടെ അടുത്തെത്താനായില്ല. അതുകൊണ്ടതന്നെ അത്ഭുതകരമായാണ് സിറിയന്‍ ഓര്‍ത്തഡോക്‌സഭ പരമാധ്യക്ഷന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആക്രമണത്തില്‍ ക്രിസ്ത്യന്‍ സൈനിക വിഭാഗമായ സൊത്തോറോയിലെ രണ്ട് അംഗങ്ങള്‍ മരിച്ചു. 10പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
സംഭവത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് കൂടുതല്‍ സൈന്യത്തെ മേഖലയിലേക്ക് അയക്കണമെന്ന് സഭാ നേതൃത്വം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞവര്‍ഷവും ഡമാസ്കസില്‍ ഓട്ടോമന്‍ കൂട്ടക്കുരുതി സ്മാരകത്തിനു സമീപം സ്‌പോടനം നടന്നിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് ഇത്തവണ ചടങ്ങുകള്‍ നടന്നത്. നൂറു വര്‍ഷം മുമ്പ് ഓട്ടോമന്‍ ഭരണകാലത്ത് പതിനഞ്ച് ലക്ഷത്തോളം വരുന്ന ക്രിസ്ത്യാനികളാണ് കൊലചെയ്യപ്പെട്ടത്. ഇവരെ വിശുദ്ധന്മാരായാണ് സഭ കണക്കാക്കുന്നത്. ഇതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് പാത്രിയാര്‍ക്കീസ് ബാവ എത്തിയത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഖാമിഷ് ലി, ഐഎസ് ഭീകരരും നിലവിലുള്ള സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവരും ഏറെയുള്ള മേഖലയാണ്.
