ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു സംഭവം

ആലപ്പുഴ: ഹരിപ്പാട് വീയപുരം ഗ്രാമ പഞ്ചായത്തിൽ പായിപ്പാട്ട് സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ ടാങ്കില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ച ആളിനെ പോലീസിന്‍റെ സമയോചിതമായ ഇടപെടലോടെ രക്ഷപ്പെടുത്തി. വീയപുരം തുരുത്തേല്‍ മേട്ടുംത്തറയില്‍ രാജേന്ദ്രന്‍(50)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു സംഭവം. വീട്ടിലെ ഗ്യാസ് ഓണാക്കിവെച്ചതിനുശേഷം തൊട്ടടുത്ത വാട്ടര്‍ ടാങ്കില്‍ ആത്മഹത്യ ചെയ്യാന്‍ വേണ്ടി കയറുകയായിരുന്നു.

 രാജേന്ദ്രന്‍ ഫോണില്‍ ആരേയോ വിളിക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന പമ്പ് ഓപ്പറേറ്ററുടെ ശ്രദ്ധയില്‍പ്പെട്ടു. പമ്പ് ഓപ്പറേറ്റര്‍ തൊട്ടടുത്ത് ചായക്കട നടത്തുന്ന കൊച്ചുമോന്‍റെ അടുക്കല്‍ ഇക്കാര്യം പറയുകയും ചെയ്തു. ഇയാള്‍ ഉടനെ തന്നെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രസാദ് കുമാറിനെവിവരം അറിയിച്ചു. ഉടന്‍ തന്നെ പ്രസിഡന്റ് സംഭവസ്ഥലത്ത് എത്തുകയും വീയപുരം പോലീസിലും ഹരിപ്പാട് ഫയര്‍ ഫോഴ്‌സിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തുകയും ഒരുമണിക്കൂറിലെ തെരച്ചലിനുശേഷം മദ്യലഹരിയില്‍ കോവണിപ്പടിയില്‍ താഴേക്കുവീഴാറായി കിടന്ന രാജേന്ദ്രനെ രക്ഷപ്പെടുത്തുകയായിരുന്നു. 

മദ്യപിച്ചെത്തുന്ന രാജേന്ദ്രന്‍ ഭാര്യയുമായി മിക്കവാറും വഴക്കിടാറുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞു. അതുകൊണ്ട് മകളുമൊത്ത് അയല്‍ വീട്ടിലാണ് രാജേന്ദ്രന്റെ ഭാര്യ അന്തിയുറങ്ങുന്നത്. രാവിലെ വീട്ടില്‍ തിരികെ യെത്തുന്ന ഭാര്യയെ അപായപ്പെടുത്താനാണ് ഗ്യാസ് തുറന്നുവിട്ടതെന്ന് സംശയിക്കുന്നു. മൂന്ന് മക്കളാണ് രാജേന്ദ്രനുള്ളത്. ഒരുമകന്‍ വിദേശത്തും ഒരുമകളെ വിവാഹം കഴിച്ചും അയച്ചിട്ടുണ്ട്. മദ്യപാനിയായ രാജേന്ദ്രന്‍ അയല്‍വാസിയായ സ്ത്രീയെ തുപ്പിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.