ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കണ്ടംകുളത്തി ലൈജോയുടെ ഭാര്യ സൗമ്യയാണ് കൊല്ലപ്പെട്ടത്. ലൈജോയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൗമ്യയും 9വയസ്സുകാരൻ മകൻ ആരോണും രാത്രി ഒന്നിച്ചാണ് കിടന്നുറങ്ങിയത്.ആരോണ്‍ രാവിലെ എഴുന്നേറ്റപ്പോള്‍ വീട്ടില്‍ ആരെയും കണ്ടില്ല. കിടപ്പുമുറിയുടെ വാതില്‍ പലവട്ടം തട്ടിയിട്ടും അച്ഛനും അമ്മയും പുറത്തേക്കുവന്നില്ല.മുൻവശത്തെ വാതിലും പൂട്ടിയിരുന്നതിനാല്‍ ആരോണിനെ അയല്‍ക്കാരുടെ സഹായവും തേടാനായില്ല.തുടര്‍ന്ന് ഉച്ചയ്ക്ക് 3 മണിയോടെ ആരോണ്‍ അമ്മയുടെ അച്ഛനെയും അമ്മയെയും ഫോണില്‍ വിവരമറിയിച്ചു.ഇവരെത്തി വാതില്‍ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഉടൻ ചാലക്കുടി പൊലീസിനെ വിവരമറിയിച്ചു.പൊലീസെത്തി മുൻവശത്തെ വാതിലും പിന്നീട് കിടപ്പുമുറിയുടെ വാതിലും ചവിട്ടിപൊളിച്ചു.കട്ടിലില്‍ വെട്ടേറ്റു കിടക്കുന്ന സൗമ്യ.സമീപത്തായി ശരീരമാകെ രക്തമൊലിപ്പിച്ച് ലൈജൊയും.ഇയാളെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.ഇവര്‍ തമ്മില്‍ ഏറെനാളായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.ലൈജോ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. പോസ്റ്റുമോര്ട്ടത്തിനു ശേഷം സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.