ബെര്‍ലിന്‍: ജര്‍മനിയിലെ അന്‍സ്ബാക്കില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഒരു മരണം. പത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഒരുപക്ഷേ ഉയര്‍ന്നേക്കാം. ന്യൂറംബര്‍ഗ് നഗരത്തിനടുത്തുള്ള ചെറുപട്ടണമായ അന്‍സ്ബാക്കിലെ ഒരു മദ്യശാലയില്‍ ആണ് സ്‌ഫോടനമുണ്ടായത്. തിങ്കളാഴ്‌ച പുലര്‍ച്ചെയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചത് അക്രമിയാണെന്നാണ് ആദ്യ റിപ്പോര്‍ട്ട്. സംഭവസ്ഥലത്തിന് തൊട്ടടുത്ത് നടക്കുന്ന സംഗീതോത്സവനഗരിയില്‍ നിന്ന് രണ്ടായിരത്തഞ്ഞൂറോളം പേരെ അടിയന്തിരമായി ഒഴിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവേര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ജര്‍മ്മനിയിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയും ജര്‍മ്മനിയില്‍ ഭീകരാക്രമണം ഉണ്ടായിരുന്നു. മ്യൂണിക്കിലെ ഹനൗര്‍ സ്‌ട്രീറ്റിലായിരുന്നു ചാവേറാക്രമണം നടന്നത്. വെടിവെയ്‌പ്പില്‍ ഒമ്പത് പേര്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ ആശങ്കയോടെയാണ് യൂറോപ്പ് നോക്കിക്കാണുന്നത്.