കൊച്ചി: പ്രൊബേഷന്‍ എസ്‌ഐ തൂങ്ങി മരിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണം തുടങ്ങി. മേലുദ്യോഗസ്ഥരുടെ പീഡനമാണ് മരണത്തിന് കാരണമെന്നായിരുന്നു ഗോപകുമാറിന്റെ ആത്മഹത്യാക്കുറിപ്പ്. നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
കൊച്ചി സിറ്റി പൊലീസില്‍ ഒരു മാസത്തിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തത് സേനയ്ക്കുള്ളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ജെ.പീറ്റര്‍, എസ്‌ഐ വിപിന്‍ദാസ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഗോപകുമാറിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. കുടുംബപ്രശ്‌നമാണ് മരണകാരണമെന്ന് പൊലീസ് കേന്ദ്രങ്ങള്‍ അനൗദ്യോഗികമായി വിശദീകരിക്കുന്നുണ്ടെങ്കിലും മേലുദ്യോഗസ്ഥരെ മാത്രം പ്രതിക്കൂട്ടിലാക്കുന്നതാണ് ആത്മഹത്യാക്കുറിപ്പ്.
മേലുദ്യോഗസ്ഥരില്‍ നിന്നുള്ള ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് പറയുന്ന കുറിപ്പില്‍ മക്കളെ അവസാനമായി കാണാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നും ഗോപകുമാര്‍ എഴുതിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബന്ധുക്കളെത്തിയ ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഗോപകുമാര്‍ ജോലി ചെയ്തിരുന്ന നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പകല്‍ സമയങ്ങളില്‍ ക്രൈംബ്രാഞ്ച് ഡ്യൂട്ടിയും, രാത്രിയില്‍ സ്റ്റേഷന്‍ ജോലിയും ഗോപകുമാറിനെ ഏല്‍പിച്ചതായാണ് സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. കൊച്ചി പുലേപ്പടിയില്‍ നടന്ന കവര്‍ച്ചയുടെ അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാല്‍ രാത്രികാല പെട്രോളിംഗിനും ഗോപകുമാറിന് ചുമതലയുണ്ടായിരുന്നു. ഇങ്ങനെ രാത്രിയും, പകലുമായുള്ള ജോലിയുടെ സമ്മര്‍ദം ഗോപകുമാറിനെ അലട്ടിയിരുന്നുവെന്നാണ് അറിയുന്നത്. കേസ് അന്വേഷണം ഏറ്റെടുത്ത അഡ്മിനിസ്‌ട്രേഷന്‍ ഡിസിപി പ്രേം കുമാര്‍ ആരോപണവിധേയരായവരെ ചോദ്യം ചെയ്യും. ഗോപകുമാറിന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരില്‍ നിന്നും, ബന്ധുക്കളില്‍ നിന്നും വരും ദിവസങ്ങളില്‍ മൊഴിയെടുക്കും.
