കോഴിക്കോട്: മെഡിക്കൽ കോളജിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയിലെ ശുചിമുറിയിൽ മധ്യവയസ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ സ്വദേശി വൽസലയാണ് മരിച്ചത്. രാവിലെ ശുചിമുറി അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ട രോഗികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗർഭപാത്രത്തിൽ മുഴയെതുടർന്ന് ഈ മാസം 15ാം തിയ്യതിയാണ് വൽസലയെ മെഡിക്കൽ കോളജിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. സർജറിക്കാവശ്യമായ പൈസ കണ്ടെത്താൻ നാട്ടിലേക്ക് പോയ ഇവരുടെ ഭർത്താവ് ഇന്നലെ ഉച്ചയോടെ തിരിച്ചെത്തിയപ്പോൾ വാർഡിൽ ഭാര്യ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലും ഇവരെ കണ്ടെത്താൻ കഴിയാതായതോടെ പൊലീസിൽ വിവരമറിയിച്ചു.

ഇന്ന് രാവിലെ മറ്റൊരു വാർഡിലെ ശുചിമുറി അകത്തു നിന്നും പൂട്ടിയ നിലയിൽ കണ്ട രോഗികൾ മെഡിക്കൽ കോളജ് പൊലീസിനെ വിവരമിയിച്ചു. പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് വൽസലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൂലിപ്പണി ചെയ്തും നാട്ടുകാരുടെ സഹായത്തോടെയുമാണ് മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്ന 3 മക്കളുടെ ചികിൽസക്ക് ആവശ്യമായ തുക ഇവർ കണ്ടെത്തിയിരുന്നത്. ഈ കുട്ടികളെ നോക്കാൻ ഇനി കൂലിപ്പണിക്കാരനായ ഭർത്താവ് ഒറ്റയ്ക്കാണ്.