എഐവൈഎഫ് കൊടി നാട്ടിയതിന് പിന്നില്‍ വസ്തുക്കച്ചവടം താല്‍പ്പര്യമുണ്ടെന്ന് സൂചന അറസ്റ്റിലായ നേതാവിന്റെ സുഹൃത്തിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

പുനലൂര്‍: ഇളമ്പലില്‍ ആത്മഹത്യ ചെയ്ത സുഗതന്റെ വര്‍ക്ക് ഷോപിന് മുന്നില്‍ എഐവൈഎഫ് കൊടി കുത്തിയതിന് പിന്നില്‍ വസ്തു കച്ചവട താല്‍പര്യമെന്ന് സൂചന. വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള സ്ഥലം കിട്ടാത്തതിനെ തുടര്‍ന്നാണ് കൊടി നാട്ടിയതെന്ന് അറസ്റ്റിലായ എഐവൈഎഫ് നേതാവ് ഗിരീഷിന്റെ സുഹൃത്ത് സമ്മതിക്കുന്ന ഫോണ്‍ സംഭാഷണം പൊലീസിന് കിട്ടി. എഐവൈഎഫ് നേതാവ് ഗിരീഷിന്റെ സുഹൃത്തിന്റെ ഫോണ്‍ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസിന്.

പൊലീസ് കസ്റ്റഡിയിലുള്ള എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷിന്റെ സുഹൃത്ത് സുരേഷിന്റെ ഫോണ്‍ സംഭാഷണമാണ് ഇത്. സുഗതന്‍ മരിക്കുന്നതിന് മുമ്പ് മകന്‍ സുനിലിനോടാണ് സുരേഷ് സംസാരിക്കുന്നത്. സുഗതന്റെ മരണത്തില്‍ എഐവൈഎഫിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. 

ഗിരീഷിന്റെ ഫോണ്‍ സംഭാഷത്തിനായി മൊബൈല്‍ ഫോണ്‍ സേവനദാതാക്കളെ പൊലീസ് സമീപിച്ചു. അതേസമയം, പ്രദേശത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഒത്താശയുണ്ടെന്ന പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയനെ പൊലീസ് ചോദ്യം ചെയ്തു. ഇളംമ്പലിലെ അനധികൃത കൈയ്യേറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ കളക്ടര്‍ സര്‍ക്കാരിന് നല്‍കിയേക്കും.