കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം നടത്തിയിരുന്ന കേഡറ്റ്, കെട്ടിടത്തില്‍ നിന്നും വീണുമരിച്ച സംഭവത്തില്‍ പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അക്കാദമിയിലെ ഉദ്യോഗസ്ഥരെ കുറിച്ച് ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. പോലിസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സൂരജിന് നാവിക അക്കാദമിയില്‍ നിന്നും ഉദ്യോഗസ്ഥരുടെ പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. സൂരജിന്റെ മൃതദേഹത്തില്‍ നിന്നാണ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തത്. അക്കാദമിയിലെ ഉദ്യോഗസ്ഥരെക്കുറിച്ച് ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശമുണ്ട് എന്നാണ് വിവരം. സൂരജ് മരണപ്പെട്ട അന്നുതന്നെ, അക്കാദമിയില്‍ സൂരജിന് കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നിരുന്നെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അക്കാദമിയില്‍ സെയിലറായിരുന്ന സൂരജ് പിന്നീട് കേഡറ്റാകുന്നതിനുള്ള യോഗ്യത നേടിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാകാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരെ സൂരജ് ഹൈക്കോടതിയില്‍ പരാതിയും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അക്കാദമിയില്‍ സൂരജിനുനേരെ കടുത്ത മാനസിക പീഡനമുണ്ടായിരുന്നെന്നും ഇതാണ് മരണത്തിന് കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മലപ്പുറം തനാളൂരിലെ റിട്ട. നാവിക ഉദ്യോഗസ്ഥനായ ഗുഡപ്പയുടെ മകനാണ് സൂരജ്. സംഭവത്തില്‍ ബന്ധുക്കള്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .എന്നാല്‍ കെട്ടിടത്തില്‍ നിന്നും വീണു തന്നെയാണ് മരണം സംഭവിച്ചതെന്നു, ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും അക്കാദമി അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
