കണ്ണൂര്‍: പ്ലസ് ടുവിന് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‍തു. കണ്ണൂര്‍ മാലോത്തെ ആബൂട്ടിയുടെ മകള്‍ റഫ്‍സീന (17) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്ലസ്ടു പരീക്ഷയ്ക്ക് 1200ല്‍ 1180 മാര്‍ക്കു നേടി മിന്നുന്ന വിജയം റഫ്‌സീന നേടിയത് നിട്ടാറമ്പ് ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടില്‍ ഇല്ലായ്മകളില്‍ നിന്ന് പഠിച്ചായിരുന്നു. പരീക്ഷയിലെ നേട്ടത്തിന് നാട്ടുകാര്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമായിരുന്നു മരണം. കൂലിപ്പണിക്ക് പോയി വൈകിട്ട് തിരിച്ചു വന്ന ഉമ്മ റഹ്മത്താണ് ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ റഫ്‍സീനയെ കണ്ടെത്തിയത്.

ശിവപുരം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബയോളജി സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു റഫ്‌സീന. എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസും റഫ്‌സീന നേടിയിരുന്നു.

പഠനത്തില്‍ മിടുക്കിയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ അകാലമരണത്തില്‍ തേങ്ങലടക്കുകയാണ് ഗ്രാമം. ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കബറടക്കും. മന്‍സീന, മഹ്‌റൂഫ് എന്നിവരാണ് സഹോദരങ്ങള്‍. റഫ്‌സീനയുടെ അധ്യാപകരും സഹപാഠികളും വീട്ടിലേയ്‌ക്കെത്തി.