മസ്കറ്റ്: ഒമാന്‍ സര്‍ക്കാരിന്‍റെ ബജറ്റിന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്റെ അംഗീകാരം. പന്ത്രണ്ടര ബില്യന്‍ ഒമാനി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഒന്‍പതര ബില്യണ്‍ ഒമാനി റിയല്‍ ആണ് പ്രതീക്ഷിക്കുന്ന വരുമാനം. വരുമാനത്തിന്റെ എഴുപത് ശതമാനം എണ്ണ വ്യാപാരത്തിലൂടെയും മുപ്പത് ശതമാനം എണ്ണയിതര മേഖലയില്‍ നിന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

രണ്ടര ബില്യണ്‍ റിയല്‍ വിദേശ-ആഭ്യന്തര വായ്പകളിലൂടെ സമാഹരിക്കും. ബാക്കി അഞ്ഞൂറ് മില്യണ്‍ ഒമാനി റിയല്‍ രാജ്യത്തിന്റെ കരുതല്‍ നിക്ഷേപത്തില്‍ നിന്ന് പിന്‍വലിക്കും. സ്വദേശി പൗരന്മാരുടെ ജീവിത നിലവാരവും സാമ്പത്തിക വളര്‍ച്ചയും ഉറപ്പു വരുത്തുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

മൂന്ന് ബില്യന്‍ ഒമാനി റിയാലിന്റെ കമ്മിയുണ്ടാകുമെന്ന് ബജറ്റില്‍ വ്യക്തമാക്കുന്നു. എണ്ണ വില ബാരലിന് 50 അമേരിക്കന്‍ ഡോളര്‍ അടിസ്ഥാനമാക്കിയാണ് ഒമാന്‍ ബഡ്‌ജറ്റ്‌ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പൊതു ചെലവ് 11.7 ബില്യണ്‍ ഒമാനി റിയാല്‍ ആയിരുന്നു.