സുനന്ദ പുഷ്കര്‍ കേസില്‍ പൊലീസിന് ദില്ലി കോടതിയുടെ രൂക്ഷവിമര്‍ശനം. മരണം നടന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇനിയും എന്താണ് മരണം നടന്ന മുറിയില്‍ നിന്ന് അറിയാന്‍ ബാക്കിയെന്ന് കോടതി ചോദിച്ചു. മരണം നടന്നത് മുതല്‍ ലീല ഹോട്ടലിലെ 345ആം നമ്പര്‍ മുറി സീല്‍ ചെയതിരിക്കുകയായിരുന്നു. പൊലീസ് കേസന്വേഷണത്തില്‍ ആലസ്യം കാണിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.

സുനന്ദ പുഷ്കര്‍ മരണപ്പെട്ട ദിനം മുതല്‍ ലീല ഹോട്ടലിലെ 345ആം നമ്പര്‍ മുറി പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിനിടെ അഞ്ച് തവണ മാത്രമാണ് പോലീസ് മുറിയില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പകുതി വെള്ളമുള്ള കുപ്പിയും ചുമരിലേക്ക് എറിഞ്ഞത് പോലെ ചായക്കറയും കണ്ടെത്തിയിരുന്നു. മരണം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം ഇത് ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചു. എന്നാല്‍ ഇത്രയും നിര്‍ണായകമായ അന്വേഷണ ഘട്ടം പൂര്‍ത്തിയാക്കാന്‍ ഉണ്ടായ കാലതാമസത്തെ ദില്ലി പാട്യാല കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയും കാലം പൊലീസ് ആലസ്യത്തിലായിരുന്നോ എന്ന് പോലീസ് ചോദിച്ചു. മൂന്ന് വര്‍ഷമായി പൊലീസ് സീല്‍ ചെയ്തതിനാല്‍ തങ്ങള്‍ക്ക് മുറി ഉപയോഗിക്കാനാവുന്നില്ലെന്ന് ലീല ഗ്രൂപ്പ് കോടതിയെ അറിയിച്ചിരുന്നു. ഒരു അസ്വാഭാവിക മരണം നടന്നാല്‍ പോലീസ് അനന്തമായി മുറി പൂട്ടിയിടുമോ എന്ന് കോടതി പൊലീസിനോട് ചോദിച്ചു. ഫോറന്‍സിക് 10 ദിവസത്തിനകം സമപ്പിക്കാനും ദില്ലി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സെപ്തംബര്‍ 12ന് കോടതിയിലെത്തി വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു.