ദില്ലി: സുനന്ദപുഷ്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദില്ലിയെ ലീലാ പാലസ് ഹോട്ടല്‍മുറിയില്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് അധികൃതര്‍ ഇപ്പോള്‍ പരിശോധന നടത്തുകയാണ്. മൂന്നരകൊല്ലം കഴിഞ്ഞിട്ടും മരണകാരണം കണ്ടെത്താന്‍ കഴിയാത്ത ദില്ലി പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടു പിന്നാലെയാണ് പരിശോധന. വേണ്ടി വന്നാല്‍ അന്വേഷണത്തില്‍ ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നല്കിയിരുന്നു

രാവിലെ പതിനൊന്ന് മണിയോടെ ഫോറന്‍സിക് ലാബ് അധികൃതരാണ് ആദ്യം ഹോട്ടലിലെത്തിയത്. തൊട്ടു പിന്നാലെ ദില്ലി എസ്ഐടിയിലെ ഡപ്യൂട്ടി പൊലീസ് കമീഷണര്‍ മനീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലിലെത്തി. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കര്‍ ഈ ഹോട്ടലിലെ 345-മത്തെ നമ്പര്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍മരിച്ച നിലയില്‍ കണ്ടെത്തിയത്. 

എന്നാല്‍ മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും ഇത് വരെയും മരണത്തിന് പിന്നലെ ദുരൂഹത നീക്കാന്‍ ദില്ലി പൊലീസിന് കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് സിബിഐയുടെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍ ഉള്‍പ്പെട്ടെ പ്രത്യേക സംഘത്തെ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. രണ്ട് ദിവസം മുന്പ് ഈ ഹര്‍ജിപരിഗണിക്കവേ ,രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണ പുരോഗതി വ്യക്തമാക്കി റിപ്പോര്‍ട്ട് നല്കാന്‍ കോടതി ഉത്തരവിട്ടു.

മൂന്നരവര്‍ഷം അന്വേഷിച്ചിട്ടും ദില്ലി പൊലീസ് എന്ത് നേടിയെന്ന് ചോദിച്ച ഡിവിഷന്‍ ബെഞ്ച്, വേണ്ടി വന്നാല്‍ അന്വേഷണത്തില്‍ ഇടപെടുമെന്നും മുന്നറിയിപ്പ് നല്‍കി.ഇതിന് പിന്നാലെയാണ് പരിശോധനക്കായി ലാബ് അധികൃതര്‍ എത്തിയത്. സുനന്ദ മരിച്ച അന്നുമുതല്‍ അന്വേഷണത്തിന്‍റെ പേരില്‍ പൊലീസ് ഈ മുറി പൂട്ടി മുദ്രവെച്ചിരിക്കുകയാണ്. 

ഇത് മൂലം അരക്കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് കാട്ടി ഹോട്ടല്‍ മാനേജ്മെന്‍റ് നല്കിയ പരാതിയില്‍ നാല് ആഴ്ചക്കകം മുറി തുറന്ന് കൊടുക്കാന്‍ ദില്ലി മെട്രോപെലീറ്റന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.ഇതിന്‍റെ സമയപരിധിയും അവസാനിക്കുകയാണ്.