നടിയെ ആക്രമിച്ച് രണ്ട് ദിവസത്തിന് ശേഷം ഇരുപതാം തീയതി കോയമ്പത്തൂരിലേക്കുള്ള ബസില്‍ കയറിയ സുനിലും വിജീഷും പീളേമേട് ശ്രീറാംനഗറില്‍ താമസിക്കുന്ന ചാര്‍ളിയുടെ വാടക വീട്ടില്‍ എത്തി. വിജീഷ് മുന്‍പ് ഇലക്ട്രീഷ്യനായി പീളമേട്ടില്‍ ജോലി ചെയ്തിരുന്നു. അന്നു മുതലുള്ള സൗഹൃദമാണ് ചാര്‍ലിയുമായി. ഒളിവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വേണ്ട സഹായമെല്ലാം ചാര്‍ലിയാണ് ചെയ്ത് കൊടുത്തത്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ നാട്ടില്‍ പോയെന്നാണ് അയല്‍വാസികളോട് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ആഴ്ച ഒരു ദിവസം രാത്രിയാണ് ചിലര്‍ ചാര്‍ലിയുടെ മുറിയിലെത്തിയെന്ന് വീട്ടുടമസ്ഥ ഓര്‍ക്കുന്നു.

രണ്ട് ദിവസം മുമ്പ് വരെ ചാര്‍ലിയെ ഇവിടെ കണ്ടിരുന്നതായി പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. പ്രതികളെ തെളിവെടുപ്പിനെത്തിച്ചതറിഞ്ഞ് ശ്രീറാം നഗറില്‍ നിരവധിപ്പേരാണ് തടിച്ചുകൂടിയത്. വലിയ സുരക്ഷ ഒരുക്കി സുനിലിനെയും വിജീഷിനെയും പ്രത്യേകം മുറിയിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഒരു ടാബ്‌ലറ്റും മൊബൈല്‍ ഫോണും വിജീഷ് സംഭവ ദിവസം ധരിച്ചിരുന്ന ഷര്‍ട്ടും പൊലീസ് ഇവിടെ നിന്ന് കണ്ടെത്തി. സുനില്‍ കീഴടങ്ങാന്‍ ഉപയോഗിച്ച പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമായതോടെ പൊലീസ് ഈ ബൈക്കിന്റെ ആര്‍സി രേഖകളുടെ വിശദാംശങ്ങളും ശേഖരിച്ചു. പന്ത്രണ്ടരയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് സംഘം ആലുവയിലേക്ക് മടങ്ങി. പ്രതികളെ സഹായിച്ചതിന് ചാര്‍ലിക്കെതിരെയും കേസുണ്ട്, ഇയാള്‍ക്കായുള്ള തെരച്ചില്‍ വരും ദിവസങ്ങളില്‍ നടക്കും.