Asianet News MalayalamAsianet News Malayalam

'സാധാരണക്കാരായ രക്ഷാപ്രവർത്തകരുടെ ശ്രദ്ധക്ക്'; സണ്ണി വെയ്നിന്‍റെ നിര്‍ദ്ദേശം കേള്‍ക്കൂ...

ദുരന്തനിവാരണ സേനയ്ക്കും ഫയര്‍ഫോഴ്സിനും നാവികസേനയ്ക്കും സഹായമായി അതത് പ്രദേശങ്ങളിലെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടറങ്ങി. സുരക്ഷാ മുന്‍കരുതലില്ലാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന സാധാരണക്കാര്‍ ശ്രദ്ധിക്കണമെന്നാണ് നടന്‍ സണ്ണി വെയ്നിന്‍റെ നിര്‍ദ്ദേശം.

Sunny wayne Facebook post
Author
Kochi, First Published Aug 16, 2018, 7:38 AM IST

കൊച്ചി: രണ്ട് ദിവസമായി നല്‍ക്കാതെ തുടരുന്ന മഴയില്‍ കേരളത്തിലെ മിക്ക ജില്ലകളും മഴക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. പ്രളയത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം കേരളത്തിലെ ജനങ്ങളൊറ്റക്കെട്ടായി രംഗത്തുണ്ട്. ദുരന്തനിവാരണ സേനയ്ക്കും ഫയര്‍ഫോഴ്സിനും നാവികസേനയ്ക്കും സഹായമായി അതത് പ്രദേശങ്ങളിലെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടറങ്ങി. സുരക്ഷാ മുന്‍കരുതലില്ലാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന സാധാരണക്കാര്‍ ശ്രദ്ധിക്കണമെന്നാണ് നടന്‍ സണ്ണി വെയ്നിന്‍റെ നിര്‍ദ്ദേശം.

''റോഡിന്റെ കീഴിലൂടെ സൈഡിലൂടെ ഒക്കെ പോകുന്ന സീവേജ് ലൈൻ നിറഞ്ഞു വെള്ളം കുത്തി ഒഴുകുന്ന കൊണ്ടു , ആ പ്രഷർ കാരണം "മാൻഹോൾ കവറുകൾ" പൊങ്ങി നീങ്ങി പോന്നിട്ടുണ്ടാവും, രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ശ്രദ്ധിയ്ക്കണം''- താരം തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. നെഞ്ചിന്റെ ഉയരത്തിൽ വെള്ളത്തിലൂടെ നടന്നു നീങ്ങുമ്പോൾ ആ കുഴിയിൽ പെട്ടാൽ തിരിച്ചു കയറൽ അസാധ്യം ആണ്. അതിനാൽ വെള്ളത്തിനു അടിയിൽ മുന്നിൽ വടി കുത്തി നോക്കി കുഴികൾ ഇല്ല എന്നു ഉറപ്പു വരുത്തി മുന്നോട്ട് നീങ്ങുക. വെളിച്ചം തീരെ കുറവായത് കൊണ്ടു നിങ്ങൾക്ക് അപകടം ഉണ്ടായാൽ കൂടെ ഉള്ളവർ പോലും ചിലപ്പോൾ കാണാൻ സാധ്യത ഇല്ല- സണ്ണി വെയിന്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി ചലച്ചിത്രതാരങ്ങളടക്കം എല്ലാ മേഖലയില്‍ നിന്നും നിരവധിപേര്‍ രംഗത്ത് വന്നിട്ടുണ്ട്. ധനസഹായത്തിന് പുറമെ പ്രളയബാധിത സ്ഥലങ്ങളില്‍ നേരിട്ടെത്തിയും സോഷ്യല്‍ മീഡയയിലൂടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചും ചലച്ചിത്രതാരങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയുമായി രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios