ഹൈദരാബാദ്: കൃത്യസമയത്ത് നികുതി അടയ്ക്കാത്തതിന്റെ പേരിൽ തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ്ബാബുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഹൈദരാബാദ് ജിഎസ്ടി കമ്മീഷണർ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2007-2008 വർഷത്തിൽ മഹേഷ് ബാബു നികുതി അടച്ചിട്ടില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 

18.5 ലക്ഷം രൂപയാണ് മഹേഷ്ബാബു അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ആ തുക 73.5 ലക്ഷം രൂപയായി വർദ്ധിച്ചു. ആക്സിസ്, ഐസിഐസിഐ ബാങ്കുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ആക്സിസ് ബാങ്കിൽ നിന്ന് 42 ലക്ഷം രൂപയും ബാക്കി തുക ഐസിഐസിഐ ബാങ്കിൽ നിന്നും ഈടാക്കുമെന്ന് നികുതി വകുപ്പ് അറിയിച്ചു.