മെറാന്റി ചുഴലിക്കൊടുങ്കാറ്റിന്റെ ഐവാള്‍ എന്നറിയപ്പെടുന്ന കേന്ദ്രത്തില്‍ കാറ്റിന്റെ വേഗത ഒരു മണിക്കൂറില്‍ 185 മൈലാണ്. വടക്കുപടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ രൂപപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുഴലിക്കൊടുങ്കാറ്റാണിത്. 2013ല്‍ ഫിലിപ്പീന്‍സില്‍ ദുരന്തം വിതച്ച ഹയാന്‍ ചുഴലിക്കൊടുങ്കാറ്റിനേക്കാള്‍ 5 മൈല്‍ മാത്രം വേഗത കുറവാണിതിന്. ചൈനയുടെ തായ്‍വാന്‍ പ്രവശ്യയിലുടനീളം മെറാന്റി വന്‍ നാശം വിതച്ചു. പല പ്രദേശങ്ങളുമായുള്ള വാര്‍ത്താവിനിമയ, ഗതാഗത ബന്ധങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു.

കൊടുങ്കാറ്റിന്റെ കേന്ദ്രം ഇപ്പോഴും കടലിലാണ്. ഇന്നലെ രാത്രിയോടെ നേരിയ തോതില്‍ ശക്തി കുറഞ്ഞെങ്കിലും മണിക്കൂറില്‍ 100 മൈലിലേറെ വേഗത്തിലാണ് കരയിലേക്ക് കാറ്റ് വീശുന്നത്. രാക്ഷസത്തിരമാലകള്‍ തീരത്തേക്ക് ആഞ്ഞുവീശുകയാണ്. തായ്‍വാനില്‍ 30 ലക്ഷത്തിലേറെ വീടുകളിലേക്കെങ്കിലുമുള്ള വൈദ്യുതിബന്ധം നിലച്ചു. മെറാന്റി പൂര്‍ണ്ണമായും കരയിലേക്കെത്താനുള്ള സാധ്യത വിരളമാണ്. പക്ഷേ ചൈനയുടെ തെക്കുപടിഞ്ഞാറന്‍തീരവും കടന്ന് ഉള്ളിലേക്ക് കൊടുങ്കാറ്റ് നീങ്ങുകയാണ്. വടക്കന്‍ ഫിലിപ്പീന്‍സിലെ ഇത്ബയാറ്റ് പ്രദേശത്തേക്ക് ചുഴലിക്കൊടുങ്കാറ്റിന്‍റെ കേന്ദ്രം അടുക്കുന്നു. 3000ലേറെ ജനസംഖ്യയുള്ള ഇത്ബയാറ്റില്‍ നിന്നുള്ള ഒരു വിവരവും പുറംലോകത്തിനില്ല.