അധികജോലി ഏല്‍പിക്കുന്നത് പീഡിപ്പിക്കാനാണെന്ന് കരുതാനാകില്ലെന്ന് കോടതി നേരിട്ട് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചാല്‍ മാത്രമേ കുറ്റമാകൂ

ദില്ലി: ജോലിസ്ഥലങ്ങളിലെ അധികഭാരം മൂലം നിരാശയിലായ കീഴുദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്താല്‍ മേലുദ്യോഗസ്ഥര്‍ ഉത്തരവാദികളാവില്ലെന്ന് സുപ്രീംകോടതി. ജോലികളേല്‍പിക്കുക എന്നത് പീഡനമാകില്ലെന്നും അത് ആത്മഹത്യാപ്രേരണയായി കരുതാനാകില്ലെന്നും സുപ്രീകോടതി വ്യക്തമാക്കി. 

2017 ആഗസ്റ്റില്‍ ആത്മഹത്യ ചെയ്ത കിഷോര്‍ പരശര്‍ എന്നയാളുടെ ഭാര്യ നല്‍കിയ പരാതി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഔറംഗബാദില്‍ ജോലി ചെയ്തുവരികയായിരുന്നു കിഷോര്‍. 

അമിത ജോലിഭാരം നല്‍കി കിഷോറിനെ ആത്മഹത്യയിലേക്ക് നയിച്ചത് മേലുദ്യോഗസ്ഥനാണെന്ന് കാണിച്ചാണ് ഭാര്യ പരാതി നല്‍കിയത്. അവധി ദിവസങ്ങളിലും കിഷോറിനെ ജോലി ചെയ്യിച്ചുവെന്നും ശമ്പളം തടഞ്ഞുവച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ നേരിട്ട് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന കുറ്റം മേലുദ്യോഗസ്ഥന്‍ ചെയ്തതായി തെളിയാത്ത പക്ഷം കേസെടുക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം മാനസികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി മേലുദ്യോഗസ്ഥന്‍ പെരുമാറിയതിനെ തുടര്‍ന്ന് കീഴുദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്താല്‍ കേസെടുക്കാമെന്നും ഇതിനും തെളിവ് ആവശ്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.