ദുബായ്: കെ.സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന ആവശ്യവുമായി ഗള്‍ഫ് നാടുകളില്‍ പ്രചാരണം ശക്തം. ഫേസ്ബുക്കില്‍പ്ര പ്രത്യേക പേജ് ഉണ്ടാക്കിയും വാട്സ് ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയുമാണ് പ്രചാരണം കൊഴുക്കുന്നത്.കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് ആയാല്‍ മാത്രമേ സാധിക്കൂ എന്ന ആഹ്വാനവുമായായാണ് പ്രചാരണം. കെ.എസ് ബ്രിഗേഡ് എന്ന പേരില്‍ പ്രത്യേക ഫേസ്ബുക്ക് പേജ് തന്നെ ഇതിനായി ഉണ്ടാക്കിയിട്ടുണ്ട്.

ദുബായ്,അബുദാബി എന്നിവിടങ്ങളില്‍നിന്നുള്ള ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍.ഗള്‍ഫ് നാടുകളില്‍ ശക്തമായ പ്രചാരണമാണ് സംഘം നടത്തുന്നത്. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കണമെന്ന ആഹ്വാനം കൂടുതല്‍പേരിലേക്ക് എത്തിക്കാനായി നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളും സംഘം തയ്യാറാക്കിയിട്ടുണ്ട്. ഓരോ ജി.സി.സി രാജ്യങ്ങള്‍ കേന്ദ്രീകരിച്ചും കേരളത്തിലെ ഓരോ ജില്ലകള്‍തിരിച്ചും വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ഉണ്ടാക്കിയിട്ടുണ്ട്. വനിതകള്‍ക്കായി പ്രത്യേക ഗ്രൂപ്പുമുണ്ട്.

ഏതായാലും സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കണമെന്ന ഈ ആവശ്യം കേരളത്തിലേക്കും വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ജനുവരിയില്‍ കണ്ണൂരില്‍ വമ്പന്‍ പരിപാടി സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണിവര്‍. ഒരു0ദിവസം മുഴുവന്‍നീണ്ടു നില്‍ക്കുന്ന ഈ പരിപാടിക്ക് ശേഷം കേരളത്തിലെ മറ്റ് ജില്ലകളിലും ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഈ സുധാകര സംഘം തീരുമാനിച്ചിരിക്കുന്നത്.