ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി പിളർപ്പിലേക്ക്. ലക്നൗവിൽ നടന്ന പ്രത്യേക ദേശീയ കൺവെൻഷനിൽ അഖിലേഷ് യാദവ് ദേശീയ അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു. അഖിലേഷിനെ ദേശീയ അധ്യക്ഷനാക്കിയ നടപടി ചട്ട വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മുലായം സിംഗ് യാദവ് ഇലക്ഷന കമ്മീഷന് കത്തയച്ചു. രാം ഗോപാൽ യാദവിനെ വീണ്ടും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി മുലായം പ്രസ്താവനയിറക്കി. ഈ മാസം അഞ്ചിന് മറ്റൊരു ദേശീയ കൺവെൻഷൻ വിളിക്കുമെന്ന് മുലായം അറിയിച്ചു.
മുലായം സിംഗ് യാദവിന്റെ വിലക്കിനെ മറികടന്ന് അഖിലേഷ് യാദവും രാം ഗോപാൽ യാദവും വിളിച്ച് ചേർത്ത പ്രത്യേക ദേശീയ കൺവെൻഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അഖിലേഷിനെ ദേശീയ അധ്യക്ഷനാണമെന്ന പ്രമേയം കൺവെൻഷൻ ഐക്യകണ്ഠേനെ പാസ്സാക്കി. അമർസിംഗിനെ പുറത്താക്കണമെന്നും ,ശിവ് പാൽ യാദവിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും നീക്കണമെന്നും നിർദ്ദേശിക്കുന്ന പ്രമേയവും കൺവെൻഷൻ അംഗീകരിച്ചു.
നരേഷ് അഗർവാൾ ഉൾപ്പെടെ പാർട്ടിയിലെ നിരവധി പ്രമുഖർ കൺവെൻഷനിൽ പങ്കെടുത്തു. മുലായം സിംഗ് യാദവ് പാർട്ടിയുടെ വഴികാട്ടിയാകുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം ശക്തമായി തിരിച്ചടിച്ച് മുലായവും രംഗത്തെത്തി.അഖിലേഷ് നടത്തിയ ദേശീയ കൺവെൻഷന് തൊട്ടു പിന്നാലെ മുലായം പാർലമെന്‍റ് ബോർഡ് യോഗം വിളിച്ചു.
അഖിലേഷ് യാദവ് കൺവെൻഷൻ വിളിച്ച് ചേർത്ത അതേ സ്ഥലത്ത് ഈ മാസം അഞ്ചിന് ദേശീയ കൺവെൻഷൻ നടത്താൻ യോഗം തീരുമാനിച്ചതായി മുലായം പ്രസ്താവനയിലൂടെ അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് രാം ഗോപാൽ യാദവിനെ വീണ്ടും 6 വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും മുലായത്തിന്റെ പ്രസ്താവനയിൽ പറയുന്നു.. ലണ്ടനിലായിരുന്ന അമർസിംഗ് തിരിച്ചെത്തി നാളെ ദില്ലിയിൽ വച്ച് മുലായവുമായി കൂടിക്കാഴ്ച്ച നടത്തും.
