ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കൽ മാനേജുമെന്‍റുകൾ കൂടിയ ഫീസ് ഈടാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാർ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കൗണ്‍സിലിംഗ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോള്‍ കേസിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി നിര്‍ദ്ദേശം അംഗീകരിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മെഡിക്കൽ പ്രവേശനത്തിന് സര്‍ക്കാരുമായി കരാറുണ്ടാക്കായ കരുണ മെഡിക്കൽ കോളേജ് ഏഴ് ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപയും കെ എം സി ടി, കണ്ണൂര്‍ മെഡിക്കൽ കോളേജുകൾ 10 ലക്ഷം രൂപ വീതവുമാണ് ഫീസ് നിശ്ചയിച്ചത്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജി കേരള ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാർ സുപ്രീംകോടതിയിലെത്തിയത്.
എന്നാല്‍ മെഡിക്കൽ പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോള്‍ കേസിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പിന്നീട് സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ഹൈക്കോടതിയുടെ പരിഗണനയുള്ള കേസിൽ ഹൈക്കോടതി തന്നെ അന്തിമ തീരുമാനം എടുക്കട്ടേ എന്നും കോടതി ഉത്തരവിട്ടു.
ഫീസിന്‍റെ കാര്യത്തിൽ മാത്രമല്ല, സര്‍ക്കാരുമായ കരാറുണ്ടാക്കിയ സ്വകാര്യ മാനേജുമെന്‍റുകൾ ജസ്റ്റിസ് ജയിംസ് സമിതിയുമായി സഹകരിക്കുന്നില്ലെന്നും രേഖകൾ നൽകുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും അതൊന്നും കോടതി അംഗീകരിച്ചില്ല. കേസിൽ സര്‍ക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ കൂടിയ ഫീസിലാണ് കരുണ, കെ.എം.സി.ടി, കണ്ണൂര്‍ മെഡിക്കൽ കോളേജുകൾ പ്രവേശന നടപടികൾ പൂര്‍ത്തിയാക്കിയത്.
