Asianet News MalayalamAsianet News Malayalam

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; സുപ്രീം കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി

supreme court allows self finance colleges to increase course fee of MBBS
Author
First Published Aug 14, 2017, 1:44 PM IST

ദില്ലി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ  എം.ബി.ബി.എസ് ഫീസ് കുത്തനെ കൂട്ടാൻ സുപ്രീംകോടതി അനുമതി നല്‍കി. 11 ലക്ഷം രൂപ വരെ ഈടാക്കി പ്രവേശനം നടത്താന്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക് സുപ്രീം കോടതി താല്‍കാലിക അനുമതി നല്‍കി. ഈ കേസില്‍ ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ഇത്രയും പണം ഈടാക്കി പ്രവേശനം നടത്താം. ഫീസ് തുകയില്‍ അഞ്ച് ലക്ഷം രൂപ പണമായും ബാക്കി പണമോ ബാങ്ക് ഗ്യാരണ്ടിയായോ ഈടാക്കാമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

85 ശതമാനം സീറ്റുകളില്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഈടാക്കി തല്‍ക്കാലം പ്രവേശനം നടത്താനായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ നിര്‍‍ദ്ദേശിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് സ്വാശ്രയ മാനേജുമെന്‍റുകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫീസില്‍ ഭാവിയില്‍ മാറ്റം വരാമെന്ന് വിദ്യാര്‍ഥികളെ അറിയിച്ചു വേണം പ്രവേശനം നടത്തേണ്ടതെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് മാനേജ്മെന്‍റുകള്‍ വാദിച്ചു. ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അനുമതി നല്‍കി ഭാവിയില്‍ വിധി വന്നാലും വിദ്യാര്‍ഥികള്‍ക്ക് അത് നല്‍കാന്‍ കഴിയണമെന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതു കൊണ്ട് അധിക ഫീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്ത ശേഷം പ്രവേശന നടപടികള്‍ മതിയെന്നായിരുന്നു മാനേജ്മെന്റുകളുടെ വാദം.

ഹൈക്കോടതി ഉത്തരവ് പ്രകാരം സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് ഘടനയും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട പരിയാരം, എം.ഇ.എസ്, കാരക്കോണം എന്നീ മൂന്നു കോളേജുകളിൽ മുൻ വർഷത്തെ പോലെ വ്യത്യസ്ത തരം ഫീസാണ്. 25,000 മുതൽ 15 ലക്ഷം വരെയാണ് ഈ ഫീസ്. ബാക്കി 15 കോളേജുകളിലും അഞ്ച് ലക്ഷമെന്ന ഏകീകൃത ഫീസാണ് നിശ്ചയിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം പ്രവേശന പരീക്ഷ കമ്മീഷണർ ആണ് ഫീസ് ഘടന പ്രസിദ്ധീകരിച്ചത്. 11 ലക്ഷൺ രൂപ ഈടാക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതോടെ ഈ ഫീസ് ഘടനയും മാറ്റേണ്ടി വരും.

Follow Us:
Download App:
  • android
  • ios