ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ കമ്മീഷന്‍ സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്കിടയില്‍ തുടങ്ങിയ ശീതസമരം ജസ്റ്റിസ് ജെ.ചലമേശ്വറിലൂടെ പുറത്തുവരികയാണ്. സുപ്രീംകോടതിയില്‍ ആറ് പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് നല്‍കാനായി ചേരാനിരിക്കുന്ന കൊലീജിയം യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ജസ്റ്റിസ് ചലമേശ്വര്‍ ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിനെ അറിയിച്ചു.
കൊലീജിയം വഴി നടക്കുന്ന ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യതയില്ലെന്നാണ് ജസ്റ്റിസ് ചലമേശ്വര്‍ ആരോപിക്കുന്നത്. ചീഫ് ജസ്റ്റിസും മറ്റ് നാല് മുതിര്‍ന്ന ജഡ്ജിമാരും ഉള്‍പ്പെടുന്നതാണ് സുപ്രീംകോടതി കൊലീജിയം. ഇതില്‍ ഒന്നോ രണ്ടോ ജഡ്ജിമാര്‍ ചില പേരുകള്‍ തീരുമാനിച്ച് ചീഫ് ജസ്റ്റിസിന്റെ അംഗീകാരത്തോടെ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യും. ഇത്ര പ്രഹസനമാണെന്നും, ഹൈക്കോടതി സുപ്രീംകോടതി ജഡ്ജിമാരെ ഈ രീതിയിലാണോ തെര!ഞ്ഞെടുക്കേണ്ടത് എന്നാണ് ജസ്റ്റിസ് ചലമേശ്വര്‍ ചോദിക്കുന്നത്.
ഈ സാഹചര്യത്തില്‍ കൊലീജിയം യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ചീഫ് ജസ്റ്റിസിനെ ചലമേശ്വര്‍ അറിയിച്ചത്. യോഗത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്ലെന്ന് തീരുമാനിച്ചെങ്കിലും പുതിയ ജഡ്ജിമാരെ കുറിച്ചുള്ള അഭിപ്രായം ജസ്റ്റിസ് ചരമേശ്വര്‍ ചീഫ് ജസ്റ്റിസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ചലമേശ്വര്‍ ഒഴികെയുള്ള മറ്റ് ജഡ്ജിമാര്‍ യോഗം ചേര്‍ന്ന് പേരുകള്‍ക്ക് അംഗീകാരം നല്‍കുമോ എന്ന് വ്യക്തമല്ല. ജനുവരി മാസത്തില്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ടി.എസ്.ഠാക്കൂറും വിരമിക്കും.
