ദില്ലി: എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുതിർന്ന കോൺഗ്രസ് നോതാവ് പി ചിദംബരത്തിന്റെ മകൻ കാര്‍ത്തി ചിദംബരത്തിന്റെ വിദേശ യാത്രയ്ക്കുള്ള അപേക്ഷ സുപ്രീംകോടതി തള്ളി. വിദേശ യാത്രയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റീസ് യുയു ലളിത്, ജസ്റ്റീസ് കെഎം ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെതാണ് തീരുമാനം.

നവംബര്‍ മൂന്ന് മുതൽ ഇറ്റലി, ഓസ്‌ട്രേലിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സന്ദര്‍ശിക്കുന്നതിന് കാര്‍ത്തി ചിദംബരം തയ്യാറെടുക്കുകയാണെന്നും അതിനാല്‍ അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് കാര്‍ത്തിയുടെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്.  എന്നാൽ കാര്‍ത്തി ചിദംബരത്തിന്റെ വിദേശ യാത്രാ അടിയന്തിരമായി പരിഗണിക്കാൻ മാത്രം പ്രാധാന്യമുള്ള കാര്യമല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നിലവില്‍ ജഡ്ജിമാര്‍ക്ക് മുഴുവനും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതൽ ജോലിഭാരമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

2007ൽ പിതാവ് പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ വിദേശത്തുനിന്ന് നിയമവിരുദ്ധമായി 305 കോടി രൂപയുടെ നിക്ഷേപം നേടിയതുൾപ്പെടെ ഐഎൻഎക്സ് മീഡിയ എന്ന മാധ്യമസ്ഥാപനം നടത്തിയ ക്രമക്കേടുകൾ‍ ഒതുക്കാൻ കോഴ വാങ്ങിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കാര്‍ത്തി ചിദംബരം.  ഐഎൻഎക്സ് മീഡിയ കേസിൽ കഴിഞ്ഞ വർഷം മെയ് 15ന് കാര്‍ത്തിക്കെതിര‌െ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ കേസുകളിൽ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ കോടതിയുടെ അനുമതിയോടെയാണ് പ്രതിയായ കാര്‍ത്തി ചിദംബരം ഓരോ തവണയും വിദേശയാത്രകള്‍ നടത്താറുള്ളത്. പി. ചിദംബരവും കാർത്തി ചിദംബരവും അടക്കമുള്ളവര്‍ക്കെതിരെ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവർ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.