ശശികല മുഖ്യമന്ത്രിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് രാവിലെ കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ ഉള്‍പ്പെട്ട ബഞ്ചിനു മുമ്പൊക്കെയാണ് അഭിഭാഷകനായ ജിഎസ് മണി ആവശ്യപ്പെടുകയായിരുന്നു. അനധികൃത സ്വത്തു സമ്പാദന കേസില്‍ വിധി വരാനിരിക്കെ ശശികല അധികാരമേല്‍ക്കുന്നത് ഭരണഘടനാ ലംഘനമാകും എന്നായിരുന്നു വാദം.

ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ എന്‍.വി. രമണ, ഡിവൈ ചന്ദ്രചൂഡ് എന്നിവരുമായി ആലോചിച്ച ശേഷം ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അനധികൃത സ്വത്തു സമ്പാദന കേസില്‍ ഒരാഴ്ചയ്ക്കകം വിധി എന്നാണ് കോടതി നേരത്തെ പറഞ്ഞതെങ്കിലും ഇതെപ്പോള്‍ വരുമെന്ന് ഇതുവരെയും സൂചനയില്ല. ഇതിനിടെ പിന്തുണയ്ക്കായി ശശികല കോണ്‍ഗ്രസിനെ സമീപിച്ച സാഹചര്യത്തില്‍ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകള്‍ സജീവമാക്കി. 

സംസ്ഥാന പിസിസി അദ്ധ്യക്ഷന്‍ തിരുനാവുക്കരശര്‍, നിയമസഭാ കക്ഷി നേതാവ് കെ രാമസ്വാമി, മുന്‍ എംപി കൃഷ്ണസ്വാമി എന്നിവര്‍ രാഹുലിനെ കണ്ടു. ശശികലയുടെ ആവശ്യം അംഗീകരിക്കാം എന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ മുന്‍ ധനമന്ത്രി പി ചിദംബരം നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്. ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍ റാവു നല്കിയ റിപ്പോര്‍ട്ടില്‍ തല്ക്കാലം കേന്ദ്ര നടപടിയൊന്നും ഉണ്ടാവില്ലെന്ന സൂചന ആഭ്യന്തര മന്ത്രി രാജ്‌നാഥ് നല്കി

സുപ്രീം കോടതി വിധി എന്നു വരും എന്ന വിവരത്തിനായി രണ്ടു ദിവസം കൂടി ഗവര്‍ണ്ണര്‍ കാക്കും. ഇത് നീളുകയും ശശികല ഇപ്പോഴത്തെ ഭൂരിപക്ഷം നിലനിറുത്തുകയും ചെയ്യുകയാണെങ്കില്‍ തിങ്കഌഴ്ചയോടെ വൈകിട്ട് ഗവര്‍ണ്ണര്‍ അവരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കും.