ദില്ലി: ആധാർ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം സുപ്രീം കോടതിയിൽ പൂർത്തിയായി. ഇടക്കാല ഉത്തരവ് നാളെ ഉണ്ടാകും. ആധാർ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം മാർച്ച് 31 വരെ നീട്ടിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. 

അതേസമയം മൊബൈല്‍ ഫോണ്‍ പോലുളളവയുമായി ബന്ധപ്പിക്കുന്നതിനുളള സമയം ഫെബ്രുവരി ആറ് വരെയാണ്. ഇതിന്‍റെ സമയവും മാര്‍ച്ച് 31 വരെ നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പി.ഡി.എസ് ഉള്‍പ്പടെയുള്ളവയുടെ കാര്യത്തില്‍ സമയം നീട്ടി നല്‍കിയിട്ടില്ല.

അതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ് എന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. പല പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത് മറ്റ് പല പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. 
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി മാർച്ച് 31 വരെ നീട്ടി കഴിഞ്ഞ ദിവസം കേന്ദ്രം പുതിയ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. നേരത്തെ ഡിസംബര്‍ 31 നകം ബന്ധിപ്പിക്കണമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.